കൊച്ചി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന പേരില്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്‍റെ ലൊക്കേഷന്‍ തേടി കൊച്ചി നാവികാസ്ഥാനത്തേക്ക് ഫോണ്‍ വിളിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോള്‍ വന്ന മൊബൈല്‍ ഫോണ്‍ നമ്പറിന്‍റെ ഉടമയായ കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായത്. പ്രതി മുജീബ് റഹ്മാൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
കോഴിക്കോട് എലത്തൂര്‍ സ്വദേശി മുജീബ് റഹ്മാനെയാണ് കൊച്ചി ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്നതിനിടെയായിരുന്നു മുജീബ് ഉപയോഗിക്കുന്ന സിം കാര്‍ഡില്‍ നിന്ന് കൊച്ചി നാവികസേന ആസ്ഥാനത്തെ ലാന്‍ഡ് ഫോണിലേക്ക് ഒരു വിളി എത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാഘവനാണ് വിളിക്കുന്നതെന്നും ഐഎന്‍എസ് വിക്രാന്തിന്‍റെ ലൊക്കേഷന്‍ അറിയണമെന്നുമായിരുന്നു ആവശ്യം.
സംശയം തോന്നിയ നേവല്‍ബേസ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. വിളി വന്ന ഫോണ്‍ നമ്പറിന്‍റെ ഉടമ മുജീബ് റഹ്മാനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, താന്‍ ആരെയും വിളിച്ചിട്ടില്ലെന്നാണ് പൊലീസിന് ഇയാള്‍ നല്‍കിയ മൊഴി. 2021 മുതല്‍ മാനസിക പ്രശ്നങ്ങള്‍ക്ക് മുജീബ് ചികിത്സ തേടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
സ്വന്തം പേരും മറ്റ് വിവരങ്ങളും മറച്ചു വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചതിനും ഔദ്യോഗിക രഹസ്യ നിയമ പ്രകാരവുമാണ് മുജീബിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. മുജീബിന്‍റെ മൊഴിയിലെ വൈരുധ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു.
Post a Comment