Join News @ Iritty Whats App Group

‘കൊന്നുകളയുമെന്ന് ഭീഷണി, അയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി.. മറ്റൊരു പ്രമുഖ നടന്‍ തന്ന കൂളിങ് ഗ്ലാസ് എറിഞ്ഞുടച്ച് മര്‍ദ്ദിച്ചു’; ഉണ്ണി മുകുന്ദനെതിരെ നല്‍കിയ പരാതി പുറത്ത്




ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ വിപിന്‍ കുമാര്‍ പൊലീസില്‍ നല്‍കിയ പരാതി പുറത്ത്. ആറ് വര്‍ഷമായി കൂടെ പ്രവര്‍ത്തിച്ച തന്നെ നടന്‍ മാനസികമായി പീഡിപ്പിക്കുകയും തേജോവധം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് വിപിന്‍ പറയുന്നത്. ‘മാര്‍ക്കോ’ സിനിമയ്ക്ക് ശേഷം എത്തിയ ‘ഗെറ്റ് സെറ്റ് ബേബി’ പരാജയമായതിനാല്‍ ഉണ്ണി മുകുന്ദന്‍ സിനിമയിലെ അണിയറപ്രവര്‍ത്തകരോടും നായികയോടും അസ്വാരസത്തിലാണ്. സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്നും ശ്രീഗോകുലം മൂവീസ് പിന്മാറിയത് നടന് ഷോക്ക് ആയിരുന്നു. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിുന് പിന്നാലെ തന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ച് അപായപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന് ശത്രുതയുള്ള മറ്റൊരു നടന്‍ തന്ന തന്റെ കൂളിങ് ഗ്ലാസ് എറിഞ്ഞുടച്ചു. ക്രൂരമായി മര്‍ദ്ദിച്ചു. കൊന്ന് കളയുമെന്ന് ഭീഷണി പെടുത്തി എന്നൊക്കയാണ് വിപിന്‍ പരാതിയില്‍ പറയുന്നത്.

വിപിന്‍ കുമാറിന്റെ പരാതി

കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ സിനിമാ താരം ഉണ്ണി മുകുന്ദന്റെ പ്രഫഷനല്‍ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മറ്റ് പല താരങ്ങളുടെയും പിആര്‍ വര്‍ക്കുകളും സിനിമാ പ്രമോഷന്‍ പ്രവര്‍ത്തനങ്ങളും ചെയ്തു വരികയാണ്. ഉണ്ണി മുകുന്ദന്റെ കൂടെ പ്രവര്‍ത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ച പലര്‍ക്കും ഇതേ അനുഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വിജയമായ ചിത്രമാണ് മാര്‍ക്കോ. എന്നാല്‍ അതിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വന്‍ പരാജയമായി മാറി. അന്ന് ുമുതല്‍ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ആളെന്ന രീതിയില്‍ ഈ പ്രശ്‌നങ്ങള്‍ പ്രഫഷനലായി എന്നേയും ബാധിച്ചിട്ടുണ്ട്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സംവിധാനം ചെയ്യുന്ന വലിയൊരു ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ അന്നൗന്‍സ് ചെയ്തിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശ്രീ ഗോകുലം മൂവീസ് ചിത്രത്തില്‍ നിന്നും പിന്‍മാറി. അത് അദ്ദേഹത്തിന് വലിയ ഷോക്ക് ആയി മാറി. കൂടാതെ ഒരു പ്രമുഖ താരം അനൗണ്‍സ് ചെയ്ത ചിത്രീകരണം ആരംഭിക്കാനിരുന്ന മറ്റൊരു ചിത്രം ഉണ്ണി മുകുന്ദന്‍ അതിന്റെ പ്രൊഡ്യൂസറോട് നിശ്ചയിച്ചിരിക്കുന്ന താരത്തെ ഒഴിവാക്കി തന്നെ വച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ആ പ്രൊഡ്യൂസറോട് സംസാരിക്കാന്‍ എന്നെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് നടക്കാതെ വന്നതിലുള്ള അമര്‍ഷം ആ പ്രൊഡ്യൂസറെയും എന്നെയും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞാണ് തീര്‍ത്തത്.


കൂടാതെ, മറ്റ് പല സിനിമളുടെയും പ്രമോഷന്‍ ചെയ്യുന്ന ഞാന്‍ കഴിഞ്ഞയാഴ്ച റിലീസായ ഒരു പ്രമുഖ താരത്തിന്റെ ഒരു ചിത്രത്തിന് (നരിവേട്ട) നല്ല അഭിപ്രായം പറഞ്ഞ് എന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തത് അദ്ദേഹത്തിന് എന്നോട് വലിയ വിദ്വേഷം ഉണ്ടാക്കി. അന്ന് തന്നെ എന്നോട് അദ്ദേഹത്തിന്റെ മാനേജര്‍ പദവിയില്‍ ഇനി തുടരേണ്ടതില്ല എന്ന് അറിയിച്ചു. ഞാനത് സമ്മതിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ഇന്ന് രാവിലെ എന്നെ ഉണ്ണി മുകുന്ദന്‍ ഫോണില്‍ വിളിക്കുകയും അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ പുറത്ത് ഒരെങ്കിലും റസ്റ്റോറില്‍ വച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതിന് വഴങ്ങാതെ എന്നെ അപായപെടുത്തണം എന്ന ഉദ്ദേശത്തോട് കൂടി ഞാന്‍ താമസിക്കുന്ന കാക്കനാണ് ഡിഎല്‍എഫ് ന്യൂട്ടണ്‍ ഹൈറ്റ്‌സ് എന്ന ഫ്ളാറ്റിന്റെ ഒന്നാം നിലയിലുള്ള പാര്‍ക്കിങ് സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും യാതൊരു പ്രകോപനവും കൂടാതെ എന്നെ വളരെ മോശമായ ഭാഷയില്‍ അസഭ്യം പറയുകയും എന്റെ മുഖത്തിരുന്ന വിലകൂടിയ കൂളിങ് ഗ്ലാസ് തട്ടിയെടുത്ത് എറിഞ്ഞുടയ്ക്കുകയും (ഈ ഗ്ലാസ് ഉണ്ണി മുകുന്ദന്‍ ശത്രുത വച്ചുപുലര്‍ത്തുന്ന മറ്റൊരു പ്രമുഖ താരം എനിക്ക് ഗിഫ്റ്റ് തന്നതാണ് എന്ന് അദ്ദേഹത്തിന് അറിയുന്നതാണ്. അതുകൊണ്ട് കൂടിയാണ് അത് എറിഞ്ഞുടച്ചത്) എന്റെ താടിയില്‍ ആദ്യം മര്‍ദ്ദിക്കുകയും എന്നെ രണ്ടു കൈകാലും ചേര്‍ത്തുപിടിച്ച് ക്രൂരമായി മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ കുതറി ഓടുകയും, ആ പാര്‍ക്കിങ് ഏരിയയിലൂടെ പുറകെ ഓടി വന്ന് എന്നെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഭാഗ്യവശാല്‍ അതുവഴിവന്ന മറ്റൊരു ഫ്‌ളാറ്റിലെ താമസക്കാരനായ വിഷ്ണു ആര്‍. ഉണ്ണിത്താന്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദനെ പിടിച്ചു മാറ്റുകയും മര്‍ദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇനി എന്റെ മുന്നില്‍ കണ്ടാല്‍ കൊന്ന് കളയും എന്ന് ഭീഷണിപ്പെടുത്തുയും ചെയ്തിട്ടുള്ളതാണ്. മേല്‍പ്പറഞ്ഞ വ്യക്തി മുമ്പും ഇത്തരം നിരവധി ക്രിമിനല്‍ കേസുകളിലടക്കം പ്രതിയായിട്ടുള്ളതാണ്. മുമ്പും പലരെയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തത് അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ ഞാന്‍ നേരിട്ടു മനസ്സിലാക്കിയിട്ടുള്ളതാണ്. ആയതിനാല്‍ എനിക്ക് നേരിട്ട ദുരനുഭവത്തില്‍ ഉണ്ണി മുകുന്ദനെതിരെ നടപടിയെടുക്കണമെന്നും മാതൃകാപരമായ ശിക്ഷ നല്‍കാന്‍ വേണ്ട നിയമസഹായങ്ങള്‍ ചെയ്തു തരണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നു. കൂടാതെ ടിയാന്‍ അറിയപ്പെടുന്ന ഒരു നടന്‍ ആയതിനാലും സ്വാധീനം ഉള്ള വ്യക്തിയായതിനാലും എന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഇതിനാല്‍ അപേക്ഷിക്കുന്നു. എന്ന് വിശ്വസ്തതയോടെ വിപിന്‍ കുമാര്‍ വി.

Post a Comment

Previous Post Next Post
Join Our Whats App Group