Join News @ Iritty Whats App Group

നീറ്റ് പരീക്ഷയിലെ ആള്‍മാറാട്ട ശ്രമം: വിദ്യാര്‍ത്ഥിക്ക് വ്യാജ ഹാള്‍ ടിക്കറ്റ് കൈമാറിയത് അക്ഷയ സെന്റര്‍ ജീവനക്കാരി


പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വ്യാജ ഹാള്‍ടിക്കറ്റ് വിദ്യാര്‍ത്ഥിക്ക് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരിയെന്നാണ് മൊഴി. ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്യും. 


വിദ്യാര്‍ത്ഥിയുടെ മാതാവ് നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററിലെത്തുകയും പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാന്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തുകയും പണം നല്‍കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. പിന്നീട് അക്ഷയ സെന്റര്‍ ജീവനക്കാരി കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഹാള്‍ ടിക്കറ്റ് അയച്ചുകൊടുത്തതെന്നാണ് മൊഴി. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പത്തനംതിട്ട പൊലീസ് നെയ്യാറ്റിന്‍കര പൊലീസിന് കൈമാറിയിട്ടുണ്ട്.



പത്തനംതിട്ടയില്‍ നടന്ന നീറ്റ് പരീക്ഷയില്‍ലാണ് ആള്‍മാറാട്ട ശ്രമമുണ്ടായത്. വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥി പിടിയിലായി. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെന്ററില്‍ ആണ് വിദ്യാര്‍ഥി വ്യാജ ഹാള്‍ടിക്കറ്റുമായി എത്തിയത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലാണ് വ്യാജ ഹാള്‍ ടിക്കറ്റ് ചമച്ചതെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ പരീക്ഷയുടെ സെന്റര്‍ ഒബ്‌സര്‍വര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പൊലീസ് വിദ്യാര്‍ഥിയെ കസ്റ്റഡിയില്‍ എടുത്തത്. വിദ്യാര്‍ത്ഥിയെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group