Join News @ Iritty Whats App Group

ആരും കൊതിക്കും ഇങ്ങനെ ഒരു യാത്രയയപ്പ്; വൈറലായി കെഎസ്ഇബി ഓവര്‍സിയറുടെ വിരമിക്കല്‍ ദിനം


കണ്ണൂര്‍: ഔദ്യോഗിക ജീവിതത്തില്‍ നിന്നുമുള്ള വിരമിക്കല്‍ ഏതൊരാളെ സംബന്ധിച്ചും പ്രയാസമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി കഴിഞ്ഞ ദിവസം ഒരു യാത്രയയപ്പ് ചടങ്ങ് നടന്നു. കണ്ണൂര്‍ അഴീക്കോട് കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയറായി വിരമിച്ച കെപി ഹാഷിമിന്റെ യാത്രയയപ്പ് ചടങ്ങാണ് സഹപ്രവര്‍ത്തകര്‍ ഹൃദ്യമായ വേറിട്ട അനുഭവമാക്കിത്തീര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 30ന് ഓഫീസിലെ ചടങ്ങിന് ശേഷം ഹാഷിമിനെ സഹപ്രവര്‍ത്തകര്‍ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. അഴീക്കോട് മീന്‍കുന്നിലെ വീട്ടിലേക്കുള്ള വഴിയില്‍ ഉടനീളം അദ്ദേഹത്തിന് ചുറ്റും കൂടി നിന്ന് പാട്ടിനൊപ്പം നൃത്തം ചെയ്താണ് അവര്‍ യാത്രയാക്കിയത്. 28 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍, ഓഫീസില്‍ നിന്നും തന്റെ വീട്ടിലേക്കുള്ള അവസാന യാത്ര നൊമ്പരം നിറഞ്ഞതാകേണ്ടതായിരുന്നെങ്കിലും സഹപ്രവര്‍ത്തകരുടെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ് ഹാഷിമിനെ സന്തോഷിപ്പിച്ചു. അദ്ദേഹത്തെ കാത്തുനിന്ന കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരുടെ ഈ സ്‌നേഹം അദ്ഭുതപ്പെടുത്തി.


ലൈന്‍മാന്‍മാരായ പ്രസാദ്, സത്യന്‍, അജിത്ത്, പവനന്‍, സുചീന്ദ്രന്‍, സുമേഷ്, ജയചന്ദ്രന്‍, ഷൗക്കത്തലി, ഓവര്‍സിയര്‍മാരായ മുനീര്‍, റഷീദ്, സബ് എന്‍ജിനീയര്‍ മോഹനന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ ദിജീഷ് രാജിന്റെ പിന്തുണയാണ് വ്യത്യസ്തമായ യാത്രയയപ്പ് സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ജീവനക്കാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group