ദില്ലി : കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി നേതാവ് നടത്തിയ 'ഭീകരരുടെ സഹോദരി'പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ അപലപിച്ചു. സ്ത്രീകൾക്കെതിരായ ഇത്തരം പ്രസ്താവനകൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സിനെ മുറിവേൽപ്പിക്കുന്നത് മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയിൽ പ്രധാന പങ്ക് വഹിക്കുന്ന രാജ്യത്തിന്റെ പെൺമക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. വിവാദ പരാമർശം നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷായുടെ പേരെടുത്ത് പറയാതെയാണ് ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ അപലപിച്ചത്.
കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ സോഫിയക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ട് മോദി പാഠം പഠിപ്പിച്ചുവെന്നായിരുന്നു വിവാദ പ്രസംഗം. ''മതം ചോദിച്ച് വിവസ്ത്രരാക്കിയാണ് 26 പേരെ ഭീകരര്‍ വെടിവച്ച് കൊന്നത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ആ ഭീകരരെ നേരിടാന്‍ അവരുടെ സമുദായത്തില്‍ പെടുന്ന ഒരാളെ തന്നെ മോദി അയച്ചു. ഭീകരകരുടെ സഹോദരിയെ വിട്ട് മറുപടി നല്‍കി''. ഇതായിരുന്നു വിജയ് ഷായുടെ വാക്കുകള്‍ ബിജെപിയുടെ നയമാണോ മന്ത്രിയുടെ വായിലൂടെ പുറത്ത വന്നതെന്നും, ഉടന്‍ വിജയ് ഷായെ പുറത്താക്കണമെന്നും മധ്യപ്രദേശ് പിസിസി ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കി.
ദേശീയ തലത്തില്‍ തന്നെ ബിജെപി പ്രതിരോധത്തിലായി. ഓപ്പറേഷന്‍ സിന്ദൂര്‍ ആഘോഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയായി. ഭാരതീയരുടെ സഹോദരിയെന്നാണ് ഉദ്ദേശിച്ചതെന്ന മന്ത്രിയുടെ ന്യായീകരണം ഏറ്റിട്ടില്ല.
ഇതിനിടെ മാര്‍ക്കോ റൂബിയോയും, ജെഡി വാന്‍സും ഇടപെട്ടാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ചതെന്ന ട്രംപിന്‍റെ പ്രസ്താവന കേന്ദ്രസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി. ട്രംപിന്‍റെ നിലപാടില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് വീണ്ടും ആവശ്യപ്പെട്ടു. ട്രംപിന്‍റെ വാദങ്ങള്‍ ഇതിനോടകം തള്ളിയാതാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേ സമയം പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നത കൂടുകയാണ്. ശരദ് പവാറിനെ പിന്നാലെ മെഹ്ബൂബ മുഫ്തിയും രഹസ്യാത്മക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍റ് സമ്മേളനം വിളിക്കുക പ്രായോഗികമല്ലെന്ന് വ്യക്തമാക്കി.
Post a Comment