റിയാദ്: നാട്ടിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിൽ വെച്ച് ശ്വാസതടസ്സം നേരിട്ട മലയാളി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ദമ്മാമിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ട മലപ്പുറം, വണ്ടൂർ കാപ്പിൽ സ്വദേശി അഷ്റഫ് (58) ആണ് വിമാനം ഗോവയിൽ അടിയന്തര ലാൻഡിങ് നടത്തി ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചത്.
നേരത്തെ ഹൃദയാഘാതത്തെത്തുടർന്ന് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരാഴ്ച മുമ്പ് പനിപിടിക്കുകയും അത് ന്യുമോണിയ ആയി മാറുകയും ചെയ്തിരുന്നു. സ്വകാര്യ ക്ലിനിക്കിലും തുടർന്ന് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും നാട്ടിൽ പോയി തുടർചികിത്സ നടത്താമെന്ന തീരുമാനത്തിൽ നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. മകളുടെ ഭർത്താവ് ഫസലിനൊപ്പമാണ് യാത്ര തിരിച്ചത്. യാത്രക്കിടയിൽ ശ്വാസതടസ്സമുണ്ടായി. ഉടൻ വിമാനം ഗോവയിലെ മോപ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരിച്ചു.
മൃതദേഹം അവിടുത്തെ ആശുപത്രി മോർച്ചറിയിലാണെന്നും മകളുടെ ഭർത്താവ് ഫസൽ ആശുപത്രിയിലുണ്ടെന്നും സൗദിയിലുള്ള സഹോദരി പുത്രൻ ഷാഫി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ 35 വർഷമായി പ്രവാസിയാണ്. 1989 മുതൽ ഹസ്സയിലെ സനാഇയയിൽ അൽ റുവൈശിദ് (സുബൈഇ) എന്ന പേരിൽ അലൂമിനയം ഫാബ്രിക്കേഷൻ വർക്ക്ഷോപ്പ് നടത്തിവരികയാണ്. പരേതനായ മുഹമ്മദ് കുട്ടി പിതാവും ഖദീജ മാതാവുമാണ്. ഭാര്യ: റഫീഖ. മക്കൾ: ഹസ്‌ല, ഹസ്ന, ജുനൈദ്. അബ്ദുസ്സലാം, മുജീബ്റഹ്മാൻ എന്നീ സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ട്.
Post a Comment