Join News @ Iritty Whats App Group

ചെറുപുഴയിലെ അച്ഛൻ്റെ ക്രൂരത: കുട്ടികളെ ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി, കൗൺസിലിങ്ങിന് വിധേയരാക്കും

കണ്ണൂർ ചെറുപുഴയിൽ എട്ടു വയസുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ച കേസിൽ കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി. എട്ടും പത്തും വയസ്സുള്ള രണ്ടു കുട്ടികളെയും കൗൺസിലിങ്ങിന് വിധേയരാക്കാനും തീരുമാനമുണ്ട്. മന്ത്രി വീണാ ജോർജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് തീരുമാനം.

പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനും സംഭവത്തിൽ ഇടപെട്ടു. കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്‌ചയുണ്ടായില്ലെന്ന് എംഎൽഎ പ്രതികരിച്ചു. കുട്ടികൾ ഇപ്പോഴുള്ളത് കുടകിലെ അച്ഛന്റെ സഹോദരിയുടെ വീട്ടിലാണ്. അവിടെ നിന്നും ഇവരെ ചെറുപുഴയിലേക്ക് കൊണ്ടുവരുന്നുണ്ട്. പൊലീസ് നടപടികൾ കഴിഞ്ഞാൽ ഉടൻ കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും. വിശദമായി പഠിച്ച ശേഷം മാത്രം അമ്മയ്ക്ക് കുട്ടികളെ വിട്ടുകൊടുക്കണം എന്നതും തീരുമാനിക്കുകയുള്ളൂവെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ രവി വ്യക്തമാക്കി.

കുട്ടികളെ ഉപദ്രപിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ എട്ടുവയസുകാരിയെ അച്ഛൻ മർദ്ദിക്കുന്നത് മുൻപ് തന്നെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരി അനിത പ്രതികരിച്ചു. അമ്മയ്ക്കൊപ്പമായിരുന്ന കുട്ടികളെ അമ്മ ജോലിക്ക് പോയ സമയത്ത് അച്ഛനെത്തി കൂട്ടിക്കൊണ്ടുപോയതാണ്. പ്രതിയായ അച്ഛൻ കുട്ടികളുടെ അമ്മയെയും മർദിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ടെന്നും അനിത പറഞ്ഞു.

കുട്ടികൾക്ക് ഉറക്കമില്ലെന്നും പഠിത്തം പോലും നടക്കുന്നില്ലെന്നും അനിത പൊലീസിനോട് പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനും കുട്ടികൾക്ക് കൗൺസിലിങ് നൽകാനും തീരുമാനിച്ചത്. പിതാവ് മകളെ അതിക്രൂരമായി മർദ്ധിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. പിന്നാലെ മകളെ പിതാവ് ക്രൂരമായി മർദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടും കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താൻ ചൈൽഡ് ലൈൻ പ്രവർത്തകരോട് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. സംഭവത്തിൽ ബാലാവകാശകമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.

കണ്ണൂരിലെ ചെറുപുഴയിൽ വാടക വീടെടുത്ത് താമസിച്ചുവരികയാണ് ജോസ്. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കൽ നടപടി വൈകിച്ചത്. എന്നാൽ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് പിന്നീടു മനസ്സിലാക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group