കണ്ണൂർ: ഈ വർഷത്തെ ഹജ്ജ് ക്യാമ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് ഒൻപതിന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
അന്നേ ദിവസം, കണ്ണൂരില്‍ നിർമ്മിക്കുന്ന ഹജ്ജ് ഹൗസിൻ്റെ തറക്കല്ലിടല്‍ കർമ്മവും അദ്ദേഹം നിർവ്വഹിക്കും. ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
വിമാനത്താവള വികസനത്തിനായി കിൻഫ്ര ഏറ്റെടുത്ത സ്ഥലത്തെ ഒരു ഏക്കർ ഭൂമി വിമാനത്താവള അതോറിറ്റി ഹജ്ജ് ഹൗസ് നിർമ്മാണത്തിനായി കൈമാറും. ഇതിനായുള്ള നടപടികള്‍ പൂർത്തിയായി വരുന്നു. കെട്ടിടം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചതോടെ ഹജ്ജ് ഹൗസിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കും.
ശിലാസ്ഥാപന ചടങ്ങിലേക്ക് കണ്ണൂർ, കാസർകോട് ജില്ലകളിലെ മുഴുവൻ മഹല്ലുകളെയും ക്ഷണിച്ചുകൊണ്ട് കത്തയക്കുമെന്ന് സംഘാടകർ അറിയിച്ചു. വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ നടക്കുന്ന ഹജ്ജ് ക്യാമ്ബിൻ്റെ ഉദ്ഘാടന ചടങ്ങില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും.
ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് യോഗം ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത് അധ്യക്ഷത വഹിച്ചു. പി പി മുഹമ്മദ് റാഫി, കിയാല്‍ എം ഡി സി ദിനേശ് കുമാർ, പി പുരുഷോത്തമൻ, അൻസാരി തില്ലങ്കേരി, ഫസലു റഹ്‌മാൻ ഇർഫാനി, റഷീദ് ഫൈസി പൊറോറ, സി പി സലീം, ഒ വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, സി കെ സുബൈർ ഹാജി, നിസാർ അതിരകം, എം രതീഷ്, കെ നിസാമുദ്ദീൻ, പി പി ഉസ്മാൻ, വി പി മുഹമ്മദ് റാഫി, ഇബ്രാഹിം ഹാജി ഏലാങ്കോട് എന്നിവർ സംസാരിച്ചു.
Post a Comment