Join News @ Iritty Whats App Group

സംസം വെള്ളമെന്ന വ്യാജേന പൈപ്പ് വെള്ളം, സാമൂഹിക മാധ്യമങ്ങൾ വഴിയും വിൽപ്പന, ഒടുവിൽ പ്രതി യുഎഇയിൽ പിടിയിൽ


ഷാർജ: യുഎഇയിൽ സംസം വെള്ളമെന്ന വ്യാജേന പൈപ്പ് വെള്ളം വിറ്റയാളെ പിടികൂടി. ഷാർജയിലെ താമസ സ്ഥലമാണ് ഈ ആവശ്യത്തിനായി ഉപയോ​ഗിച്ചിരുന്നത്. സാധാരണ പൈപ്പ് വെള്ളമാണ് പ്ലാസ്റ്റിക് കുപ്പികളിലാക്കി സംസം വെള്ളമാണെന്ന വ്യാജേന വിൽപ്പന നടത്തിയിരുന്നത്. ഇതിന് വലിയ വിലയാണ് പ്രതിഫലം വാങ്ങിയിരുന്നത്. ഷാർജ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണ, പരിശോധന വകുപ്പും ആരോ​ഗ്യ നിയന്ത്രണ, സുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം കണ്ടെത്തിയത്. 

പതിവ് പരിശോധനയ്ക്കിടെ താമസ കേന്ദ്രത്തിൽ നിന്നും വലിയ അളവിൽ കുപ്പികളിൽ നിറച്ച വെള്ളം വാഹനത്തിൽ കയറ്റുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയപ്പോൾ അവിടങ്ങളിൽ പരിശോധന നടത്തി. അതോടെയാണ് സംഭവം വെളിച്ചത്തായത്. പ്രതിയെയും വീടിന് സമീപത്തുനിന്നും അധികൃതർ പിടികൂടുകയായിരുന്നു. 

പരിശോധനയിൽ സംസം വെള്ളം എന്ന് ലേബൽ ചെയ്തിട്ടുള്ള കാർട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു സാധാരണ പൈപ്പ് വെള്ളം കുപ്പികളിൽ നിറച്ചിരുന്നത്. ശേഷം ഇത് സംസം വെള്ളമാണെന്ന വ്യാജേന സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരം നൽകി വിൽപ്പന നടത്തുകയും ചെയ്തു. സംഭവത്തിൽ ഷാർജ മുനിസിപ്പാലിറ്റി നിയമനടപടികൾ സ്വീകരിച്ചു. കൂടാതെ പിടിയിലായ വ്യക്തിയുടെ ഉടമസ്ഥതയിൽ ലൈസൻസുള്ള കമ്പനിയുടെ പേരിലുള്ള സാമ്പത്തിക ഇൻവോയ്സുകളും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ ആ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group