Join News @ Iritty Whats App Group

ട്രംപിനൊപ്പം മസ്കും സൗദിയിൽ; നിക്ഷേപ ഫോറത്തിൽ പങ്കെടുക്കും; അൽ യമാമ കൊട്ടാരത്തിൽ സ്വീകരണം

റിയാദ്: മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യയിലെ റിയാദിലെത്തിയ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വന്‍ വരവേല്‍പ്പ്. വിമാനത്താവളത്തില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു.

പിന്നീട് റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ ട്രംപിന് ഔദ്യോഗിക സ്വീകരണമൊരുക്കി. അല്‍ യമാമ കൊട്ടാരത്തിലേക്കുള്ള യാത്രയില്‍ രാജകീയ വരവേല്‍പ്പാണ് ട്രംപിന് ഒരുക്കിയത്. ഇതിന് ശേഷം റിയാദില്‍ നടക്കുന്ന സൗദി-യുഎസ് നിക്ഷേപ ഫോറത്തിലും ഡോണൾഡ് ട്രംപ് പങ്കെടുക്കും. ട്രംപിനൊപ്പം ടെസ്ല മേധാവി ഇലോൺ മസ്കും നിക്ഷേപ ഫോറത്തില്‍ മറ്റ് പ്രമുഖര്‍ക്കൊപ്പം പങ്കെടുക്കും. ഇതിനായി മസ്ക് റിയാദിലെത്തിയിരുന്നു. 

ചൊവ്വാഴ്ച സൗദി സമയം രാവിലെ 9.45ന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ ഇറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. സൗദി വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ട്രംപിന്‍റെ എയര്‍ഫോഴ്സ് വൺ വിമാനത്തിന് സൗദി യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കി. ട്രംപിനൊപ്പം ഉച്ച വിരുന്നിൽ ബിസിനസ് പ്രമുഖരുമുണ്ടായിരുന്നു. ഇലോൺ മസ്ക് - ടെസ്ല, മാർക് സുകർബർഗ്- മെറ്റ, സാം ആൾട്ട്മാൻ- ഓപ്പൺ എഐ, ജേൻ ഫ്രേസർ-സിറ്റിഗ്രൂപ്, ലാറി ഫിങ്ക്- ബ്ലാക് റോക്, ഊബർ സി.ഇ.ഒ, ഗൂഗ്ൾ പ്രതിനിധി, ആമസോൺ പ്രതിനിധി എന്നിവരാണ് സന്ദർശനത്തിന്‍റെ ഭാഗമായത്. വമ്പൻ വ്യാവസായിക പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുള്ള സൗദി- അമേരിക്ക നിക്ഷേപക സംഗമമാണ് ഇന്ന് നടക്കുന്നത്. തന്ത്രപരമായ സുരക്ഷാ കരാറുകളിലും സാങ്കേതിക, വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിലും ഇരു രാജ്യങ്ങളും ചർച്ച നടത്തും. ഗാസ, യുക്രെയ്ൻ പ്രശ്​നപരിഹാര വിഷയങ്ങളടക്കം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group