കഴിഞ്ഞ തവണ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ഒരു മൊഴിയും ഇത്തവണത്തെ പൂരത്തിന്റെ സമയത്ത് അവതരിപ്പിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ രാജൻ. ഒരു മൊഴി പുറത്തുവരേണ്ട സമയം ഏതാണെന്നും പുറത്തുകൊണ്ടുവരേണ്ട സമയം ഏതാണെന്നും ഓരോരുത്തരും തീരുമാനിക്കുന്ന അജണ്ടയാണ്, മാധ്യമങ്ങൾക്ക് മുന്നിൽ എന്താണോ പറഞ്ഞിട്ടുള്ളത് അത് തന്നെയാണ് വീണ്ടും ആവർത്തിക്കുന്നത്. മൊഴികൊടുത്ത കാര്യത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും രേഖാപ്രകാരം തന്നെയാണ് മൊഴി നല്കിയിട്ടുള്ളതെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.
എഡിജിപി ഫോൺ എടുത്തില്ല എന്നുള്ളത് താൻ മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. അത് തന്നെയാണ് മാധ്യമങ്ങളോടും പറഞ്ഞിട്ടുള്ളത് ഒരു പുതിയകാര്യവും ഇപ്പോൾ ഉണ്ടായിട്ടില്ല.തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം കൃത്യമാണ് പ്രത്യേകിച്ച് ഒരു വിധത്തിലുള്ള അപാകതകൾ ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി ഇത്തവണത്തെ തൃശൂർ പൂരത്തെ ഇതൊന്നും ബാധിക്കാൻ പോകുന്നില്ല എല്ലാ കൃത്യതയോടുകൂടിയിട്ടാണ് ഇത്തവണത്തെ പൂരം തയ്യാറാക്കിയിരിക്കുന്നതെന്നും വ്യക്തമാക്കി.
അതേസമയം, പൂരം കലക്കൽ വിവാദത്തില്‍ മന്ത്രി കെ രാജന്റെ മൊഴി പ്രധാനപ്പെട്ടതാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന സമീപനമാണ് സർക്കാരിൻ്റേത്. ഒരു റിപ്പോർട്ടും അവഗണിക്കുന്ന നിലപാട് സർക്കാരിനില്ല. റിപ്പോർട്ട് പുറത്തുവരട്ടെ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശരിയായ നിലപാട് സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
Post a Comment