കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറര്‍ എൻഎം വിജയൻ്റെ കുടുംബം. നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ല, ചെയ്തുതരാമെന്ന് പറഞ്ഞ കാര്യം എപ്പോൾ ചെയ്യും എന്ന കാര്യത്തിൽ ഇതുവരെയും നേതൃത്വം മറുപടി നൽകിയിട്ടില്ല. മെയ് മാസത്തിനകം ഇക്കാര്യങ്ങളിൽ നീക്കുപോക്ക് ഉണ്ടാകേണ്ടതുണ്ട്. ചെയ്‌ത് തരാൻ പറ്റില്ലെങ്കിൽ അക്കാര്യം നേതൃത്വം വ്യക്തമാക്കണമെന് കുടുംബം ട്വന്റി ഫോറിനോട് പറഞ്ഞു. അന്ന് ഉറപ്പുതന്ന ഒരു നേതാക്കളും കാര്യങ്ങൾ എന്തായി എന്ന് ഇതുവരെ അന്വേഷിച്ച് എത്തിയിട്ടില്ല. സംരക്ഷണം ഏറ്റെടുത്ത പ്രിയങ്ക ഗാന്ധിയെ നിലവിൽ കാണാൻ പോലും അവസരം തരുന്നില്ലെന്ന് മരുമകൾ പത്മജ ആരോപിച്ചു.
പ്രിയങ്ക ഗാന്ധിയെ കാണാൻ അനുവദിച്ചില്ലെങ്കിൽ തങ്ങൾക്കറിയുന്ന കുറച്ചു കാര്യങ്ങൾ വെളിപ്പെടുത്തേണ്ടി വരും. അച്ഛൻ കുടുംബത്തോടൊപ്പം തന്നെ കോൺഗ്രസ് പാർട്ടിയെ സ്നേഹിച്ച ഒരു വ്യക്തിയാണ്. അച്ഛൻ പാർട്ടിയിൽ ചേർന്നതിന് ശേഷം ഉണ്ടാക്കിയ സമ്പാദ്യമല്ല ഒന്നും തന്നെ, അതൊക്കെ തങ്ങളുടെ മക്കൾക്ക് കൂടി അവകാശപ്പെട്ടതാണ്, അതുകൊണ്ട് ഒരമ്മ എന്ന നിലയിലാണ് തന്റെ പോരാട്ടം അതിനായി ഏതറ്റം വരെയും പോകും. തങ്ങളുടെ കാര്യങ്ങൾ സംസാരിക്കാനായി നേത്യത്വം ചുമതലപ്പെടുത്തിയിട്ടുള്ള എംഎൽഎ ഉണ്ട് അവരുമായി ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ടെന്നും കുടുംബം കൂട്ടിച്ചേർത്തു.
അച്ഛൻ മരിച്ചിട്ട് 129 ദിവസമായി. ദിവസവും വീട്ടിലേക്ക് ബാങ്കിൽ നിന്നുള്ളവരും സ്വകാര്യ ഇടപാടുകാരും എത്തുകയാണ്.വീട്ടിലെത്തി കണ്ട നേതാക്കൾ ഇപ്പോൾ ഫോൺ പോലും എടുക്കുന്നില്ല. നിലവിൽ തെരുവിൽ അലയേണ്ട അവസ്ഥയാണ്. രണ്ടര കോടിയിലധികം രൂപയുടെ ബാധ്യത കുടുംബത്തിന് ഉണ്ടെന്നും തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഐസി ബാലകൃഷ്ണൻ എംഎൽഎ ആയിരിക്കും ഉത്തരവാധി എന്നും എൻഎം വിജയന്റെ മരുമകൾ പത്മജ പറഞ്ഞു. പത്ത് ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും എന്നും കുടുംബം വ്യക്തമാക്കി.
അതേസമയം, ബത്തേരിയിൽ വനം വകുപ്പ് ഓഫീസിൽ പ്രിയങ്ക ഗാന്ധി എത്തുന്നതറിഞ്ഞാണ് എൻഎം വിജയന്റെ മകനും കുടുംബവും എത്തിയത്.പ്രിയങ്കയെ കാണാൻ അനുമതി ഇല്ലെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് കാണാമെന്ന് പറഞ്ഞു ഓഫീസ് കോമ്പൗണ്ടിൽ പ്രവേശിപ്പിച്ചെങ്കിലും കാണാനായില്ല.
Post a Comment