Join News @ Iritty Whats App Group

പഹൽഗാം ഭീകരാക്രമണത്തിന് നൽകിയ തിരിച്ചടി; ഓപ്പറേഷൻ സിന്ദൂർ പ്രചാരണ ആയുധമാക്കാൻ ബിജെപി; തിരംഗ യാത്ര നടത്തും


ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഓപ്പറേഷൻ സിന്ദൂർ വിജയമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങുന്നത്. നാളെ മുതൽ 23 വരെ രാജ്യവ്യാപകമായി മുതിർന്ന നേതാക്കളും, മന്ത്രിമാരും നയിക്കുന്ന തിരംഗ യാത്രകൾ സംഘടിപ്പിക്കും. ഓപ്പറേഷന്‍ സിന്ധൂർ വന്‍ വിജയമാണെന്നും ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതെന്നുമാണ് ബിജെപിയുടെ വാദം.

അതിനിടെ ഓപ്പറേഷന്‍ സിന്ദൂറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ കൊന്നൊടുക്കിയ ഭീകരരെ പിടികൂടാതെ ഓപ്പറോഷന്‍ സിന്ദൂര്‍ വിജയമാണെന്ന് എങ്ങനെ പറയാനാകുമെന്ന് ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദിച്ചു. മൂന്നാം കക്ഷി ഇടപെട്ട് വെ‍ടിനിര്‍ത്തലിലേക്ക് കാര്യങ്ങളെത്തിച്ചത് ഇന്ത്യയുടെ ഭരണ നേതൃത്വം ദുര്‍ബലമായതിന്‍റെ തെളിവാണെന്നും, 1971ല്‍ അമേരിക്കയെ പടിക്ക് പുറത്ത് നിര്‍ത്തി ഇന്ദിര ഗാന്ധി സ്വീകരിച്ചത് നട്ടെല്ലുള്ള നയമായിരുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു..

അതേസമയം ഇന്ന് രാത്രി എട്ടിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ഹോട്ട്‌ലൈൻ വഴി ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ ചർച്ച നടത്തി. സൈനിക തലത്തിലല്ലാതെ മറ്റു ചർച്ചകൾക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രാത്രി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും വലിയ പ്രകോപനങ്ങൾ ഉണ്ടായില്ലെന്നാണ് സൂചന. അതിർത്തി ശാന്തമാണ്. പഞ്ചാബ്, ഗുജറാത്ത് രാജസ്ഥാൻ, ജമ്മു കശ്‍മീ ർ ഉൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. ഇവിടത്തെ വിമാനത്താവളങ്ങൾ ഉൾപ്പടെ തുറന്നു പ്രവർത്തിക്കുന്നതിൽ വൈകാതെ തീരുമാനമാകും.

Post a Comment

Previous Post Next Post
Join Our Whats App Group