Join News @ Iritty Whats App Group

ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്തേക്ക്; കൊല്ലത്ത് വിവിധയിടങ്ങളിൽ തീരത്തടിഞ്ഞു, അതീവ ജാഗ്രത


കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതൽ കണ്ടെയ്നറുകള്‍ അടിഞ്ഞത്. കൊല്ലം തീരദേശത്തും മറ്റു കേരളത്തിലെ തീരദേപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കൂടുതൽ കണ്ടെയ്നറുകള്‍ തീരത്ത് അടിയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കൊല്ലം തീരത്ത് എട്ട് കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞിട്ടുള്ളത്.

അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിലാണ് ഒരു കണ്ടെയ്നറര്‍ അടിഞ്ഞത്. ഇതിനുപിന്നാലെ കൊല്ലം ചവറയിലെ പരിമണം തീരത്തും ശക്തികുളങ്ങരയിലും കണ്ടെയ്നറുകള്‍ അടിഞ്ഞു. ചവറയിലും ശക്തികുളങ്ങരയിലും മൂന്ന് കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. ശക്തികുളങ്ങരയിലെ മദാമ്മ തോപ്പിലാണ് മൂന്ന് കണ്ടെയ്നറുകള്‍ അടിഞ്ഞത്. നീണ്ടകര ആൽത്തറമൂട് ഭാഗത്തും കണ്ടെയ്നര്‍ കണ്ടെത്തി. വിദഗ്ധസംഘവും കസ്റ്റംസും അടക്കം ഇവിടങ്ങളിൽ പരിശോധനയ്ക്ക് ഉടനെത്തും. മത്സ്യത്തൊഴിലാളികളാണ് കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞത് ആദ്യം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

പ്രദേശവാസികൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.. കണ്ടെയ്നറുകളിൽ ചിലതിന്‍റെ ഡോര്‍ തുറന്ന നിലയിലാണ്. പരിശോധനയ്ക്കുശേഷമായിരിക്കും കണ്ടെയ്നറുകളിലെ വസ്തുക്കളുടെ കാര്യത്തിലടക്കമുള്ള വിവരങ്ങള്‍ ലഭിക്കുക. കണ്ടെയ്നറുകളുടെ അടുത്തേക്ക് യാതൊരു കാരണവശാലും പോകരുതെന്നും തൊടാൻ ശ്രമിക്കരുതെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു. അതേസമയം, കപ്പലിൽ നിന്ന് ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുകയാണ്. 

ആലപ്പുഴ തീരത്തും കണ്ടെയ്നര്‍

ആലപ്പുഴ തറയിൽക്കടവ് ഭാഗത്ത് കടലിലാണ് കണ്ടെയ്നര്‍ കണ്ടെത്തിയത്. കണ്ടെയ്നറുകള്‍ തീരത്തേക്ക് അടിഞ്ഞിട്ടില്ല. രണ്ട് കണ്ടയിനറുകൾ പരസ്പരം കൂട്ടി ഘടിപ്പിച്ച നിലയിലാണ്. കണ്ടെയ്നറിലെ ഭൂരിഭാഗം വസ്തുക്കളും കടലിൽ വീണു. ആലപ്പുഴയിലെ തീരദേശത്ത് ഇനിയും കണ്ടെയ്നറുകള്‍ അടിയാൻ സാധ്യതയുണ്ട്. ഇവിടങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്.

കണ്ടെയ്നറുകള്‍ കണ്ടാൽ 112ൽ വിളിക്കുക

കണ്ടെയ്നറുകള്‍ കണ്ടാൽ അറിയിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. എംഎസ്എസി എൽസ -3 എന്ന കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോൾ തന്നെ 112 ൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കുക. പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group