ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്. വരുന്ന എല്ലാ ഭീഷണികളെയും നിർവീര്യമാക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യൻ സായുധ സേന. ഇതിനിടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നിലനിർത്തുന്നതിനായി ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വി എന്നീ ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ അടിയന്തര പ്രോട്ടോക്കോളുകൾ പുറത്തിറക്കി. സംസ്ഥാന, ജില്ലാ തലങ്ങളിലെ അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ (ഇഒസി)ക്കായിട്ടാണ് പ്രത്യേകിച്ച് ഈ പ്രോട്ടോക്കോളുകൾ പുറത്തിറക്കിയത് എന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ (ബിടിഎസ്) സൈറ്റുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗം എടുത്തുകാണിച്ചതിനെ തുടർന്നാണ് ഈ നീക്കം.
മെയ് 7ന്, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർക്ക് 2020-ൽ സ്ഥാപിതമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOP) കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് അയച്ചിരുന്നു. ഈ നടപടികൾ ഉടനടി പാലിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ടെലിക്കോം കമ്പനികളോട് ഈ കത്തിൽ മന്ത്രാലയം ആവശ്യപ്പെട്ടു.
ദുരന്ത നിവാരണ നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്ന് വിവിധ സ്വകാര്യ ടെലികോം സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവുകൾ സ്ഥിരീകരിച്ചതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ സംവിധാനങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്നും ടെലിക്കോം കമ്പനികൾ വ്യക്തമാക്കുന്നു. ഓപ്പറേറ്റർമാരും അധികൃതരും തമ്മിലുള്ള സഹകരണം, പ്രത്യേകിച്ച് സെൻസിറ്റീവ് അതിർത്തി ജില്ലകളിൽ, സമയബന്ധിതവും ഫലപ്രദവുമാണെന്നും കമ്പനി എക്സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നു.
ഡീസൽ ജനറേറ്ററുകൾക്ക് ആവശ്യമായ ഡീസൽ കരുതൽ ശേഖരം നിലനിർത്താനും, ടെലികോം ഇൻഫ്രാസ്ട്രക്ചറിന് തുടർച്ചയായ വൈദ്യുതി വിതരണം ഉറപ്പാക്കാനും സർക്കാർ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ടെലികോം സേവനങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിന് നിർണായക സ്പെയർ പാർട്‌സുകളുള്ള റിപ്പയർ ക്രൂ ഉൾപ്പെടെയുള്ള റിസർവ് ടീമുകളെ തന്ത്രപരമായി വിന്യസിക്കാൻ അവരോട് നിർദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല, നിയന്ത്രണങ്ങൾ പാലിച്ച് ഇൻട്രാ-സർക്കിൾ റോമിംഗ് (ഐസിആർ) സേവനങ്ങൾ സജീവമാക്കുന്നതിന് അവ പരീക്ഷിക്കാനും ദുരന്തനിവാരണ ഡെപ്യൂട്ടി ഡയറക്ടർ ജനറലിന് അപേക്ഷ സമർപ്പിക്കാനും ടെലിക്കോം ഓപ്പറേറ്റർമാരോട് ഡിഒടി നിർദ്ദേശിച്ചിട്ടുണ്ട്.
Post a Comment