Join News @ Iritty Whats App Group

'ഈസ്റ്റർ ആഘോഷിച്ച് മടങ്ങിയവരാണ്, ഓസ്ട്രേലിയയിലേക്ക് പോകാനിരുന്നതാ ഇരുവരും'; നടുക്കം മാറാതെ കണ്ണൂരിലെ ബന്ധുക്കൾ

കണ്ണൂർ: ഈസ്റ്റർ ആഘോഷിച്ച് ദിവസങ്ങൾക്ക് മുൻപ് നാട്ടിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങിയ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കത്തിലാണ് ബന്ധുക്കൾ. കുവൈത്തിൽ കുത്തേറ്റു മരിച്ച സൂരജിന്റെയും ബിൻസിയുടെയും മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു. പൊലീസ് ഉൾപ്പടെ ഏജൻസികളുടെ നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ നാട്ടിലെത്തിക്കാനാണ് മലയാളി കൂട്ടായ്മ ശ്രമിക്കുന്നത്.

കുവൈത്തിലെ അബ്ബാസിയ യുണൈറ്റഡ് സ്കൂളിന് സമീപത്തുളള ഫ്ലാറ്റില്‍ താമസിച്ചിരുന്ന മലയാളി ദമ്പതികളുടെ മരണം ഏൽപ്പിച്ച ആഘാതത്തിലാണ് ബന്ധുക്കൾ. കുത്തേറ്റ് ചോര വാര്‍ന്നാണ് മരണം സംഭവിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ ശാസ്ത്രീയ വിവരങ്ങള്‍ നിർണായകമാകും.

ഫ്ലാറ്റിലെ കെയർടേക്കറാണ് ഇരുവരേയും മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. സൂരജ് കുവൈത്ത് ആരോഗ്യ മന്ത്രായലത്തിലും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലും നഴ്സുമാരാണ്. കുവൈത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് ജോലി മാറാനായി മെഡിക്കൽ നടപടിക്രമങ്ങൾ വരെ പൂർത്തിയാക്കിയതായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ ഞായറാഴ്ച്ചയോ തിങ്കളാഴ്ച്ചയോ വ്യക്തത വരും.

അവിടെ എന്താണ് നടന്നതെന്ന് അറിയില്ലെന്നും അധികൃതർ ഒന്നും പറഞ്ഞിട്ടില്ലെന്നും മാതൃകാ ദമ്പതികളായിരുന്നു ഇരുവരുമെന്നും സൂരജിന്‍റെ കണ്ണൂരിലെ ബന്ധുക്കൾ പറയുന്നു. ദമ്പതിമാര്‍ക്ക് മൂന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന മക്കളുണ്ട്. ഈസ്റ്റര്‍ അവധിക്ക് വന്നപ്പോള്‍ കുട്ടികളെ ബിന്‍സിയുടെ വീട്ടില്‍ നിര്‍ത്തിയാണ് ഇവര്‍ കുവൈത്തിലേക്ക് മടങ്ങിയത്.

രാത്രിയിൽ ദമ്പതികൾ തമ്മിലുള്ള വഴക്കിന്‍റെ ശബ്ദവും സ്ത്രീയുടെ നിലവിളി ശബ്ദങ്ങളും കേട്ടിരുന്നുവെന്ന് അയൽക്കാർ മൊഴി നൽകി. എന്നാൽ എന്താണ് നടന്നതെന്ന് മനസ്സിലായില്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനടുക്കിയതാണെന്നാണ് പൊലീസിന്‍റെ നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group