Join News @ Iritty Whats App Group

കോഴിക്കോട് നഗരം സ്തംഭിച്ചു, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ബസ് സ്റ്റാന്‍ഡ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെയാണ് നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക്. വൈകുന്നേരം 5.30ഓടെയാണ് ബസ് സ്റ്റാന്റ് പരിസരത്തുള്ള ടെക്‌സ്റ്റൈല്‍സില്‍ തീപിടുത്തമുണ്ടായത്.

അവധി ദിവസമായതിനാല്‍ നഗരത്തില്‍ വന്‍ തിരക്കുണ്ടായിരുന്നു. തീപിടുത്തമുണ്ടായതോടെ നഗരത്തില്‍ തിരക്കും ബഹളവുമായി ഗതാഗതം കുരുക്കിലാകുകയായിരുന്നു. ബീച്ചില്‍ നിന്നും മാനാഞ്ചിറ ഭാഗത്തുനിന്നുമെല്ലാം എത്തുന്ന വാഹനങ്ങള്‍ക്ക് പുതിയ ബസ് സ്റ്റാന്റ് ഭാഗം പിന്നിടാന്‍ സാധിക്കുന്നില്ല.

അഗ്നിബാധയുണ്ടായതിന് പിന്നാലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ ബസുകളെല്ലാം പുറത്തേയ്ക്ക് മാറ്റിയിരുന്നു. ഇതോടെ ദീര്‍ഘദൂര യാത്രക്കാര്‍ ദുരിതത്തിലായി. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് യൂണിറ്റുകളെത്തിയെങ്കിലും അഗ്‌നിബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

മണിക്കൂറുകളായി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പൊലീസും അഗ്‌നിശമന സേനയും തുടരുകയാണ്. അപകടത്തില്‍ ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ ബസ് സ്റ്റാന്‍ഡിലെ ടെക്സ്റ്റൈല്‍സ് ഷോപ്പിലാണ് വന്‍ തീപിടുത്തമുണ്ടായത്. ആളുകള്‍ അകത്തില്ലെന്നു ഉറപ്പാക്കിയിട്ടുണ്ടെന്നും ആര്‍ക്കും അപകടം ഇല്ലെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍പോര്‍ട്ട് യൂണിറ്റുകള്‍ പുറപ്പെട്ടുവെന്നും കളക്ടര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group