Join News @ Iritty Whats App Group

ശശി തരൂരിന് ഉന്നത പദവി നൽകാൻ കേന്ദ്രനീക്കമെന്ന് അഭ്യൂഹം ശക്തം; തരൂരുമായി മോദി സംസാരിച്ചതായി സൂചനകൾ


ദില്ലി: വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനുളള ഉന്നത പദവി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ശശി തരൂരിന് കിട്ടേയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. നരേന്ദ്ര മോദി നേരിട്ട് തരൂരുമായി ഇക്കാര്യം സംസാരിച്ചു എന്നാണ് സൂചനകൾ. തരൂരിന് പാര്‍ട്ടി നല്‍കിയ പദവികള്‍ തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി. വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് വിദേശകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗത്തിന് പാര്‍ലമെന്‍റിലെത്തിയ തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പാര്‍ട്ടിയുമായി നിരന്തരം കലഹിച്ച് അവിടെ തന്നെ തുടരുമോ? അതോ ബിജെപിയിലേക്കുള്ള വഴി വെട്ടലോ? രണ്ടും കല്‍പിച്ചുള്ള ശശി തരൂരിന്‍റെ നീക്കത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന തരൂര്‍ കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ അടുക്കുകയാണ്. വിദേശ കാര്യ വിദഗ്ധനായ തരൂരിന്‍റെ സേവനം തുടര്‍ന്നങ്ങോട്ട് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരും നീക്കം നടത്തുകയാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട് തരൂരിനോട് സംസാരിച്ചു എന്ന സൂചനയുണ്ട്.

വിദേശങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു നയതന്ത്ര തസ്തികയില്‍ തരൂരിനെ നിയമിക്കാന്‍ പ്രധാനമന്ത്രി തന്നെയാണ് ഏറെ താല്‍പര്യപ്പെടുന്നത്. ഒരു ഓണററി പദവിയെങ്കില്‍ തരൂര്‍ എംപി സ്ഥാനം രാജി വയ്ക്കേണ്ടതില്ല. രാഷ്ട്രീയ പദവിയല്ലെങ്കിൽ അയോഗ്യതയ്ക്കുള്ള മാനദണ്ഡം ബാധകമാകില്ല. എന്നാല്‍ കോണ്‍ഗ്രസ് ഇതിിന് അനുമതി നല്‍കാനിടയില്ല. തരൂരിന്‍റെ നീക്കങ്ങളെ ഏറെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് വീക്ഷിക്കുന്നത്.

വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റാന്‍ ആവശ്യപ്പെടണമെന്ന് എഐസിസി നേതൃത്വത്തോട് നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം. പ്രവര്‍ത്തക സമിതിയിലിരുന്ന് നിരന്തരം അച്ചടക്കം ലംഘിക്കുന്ന തരൂരിനെ ആ പദവിയില്‍ നിന്ന് പുറത്താക്കാനും സമ്മര്‍ദ്ദമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് വേണ്ടി പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഭൂരിപക്ഷ വികാരം.

വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിന് പാര്‍ലമെന്‍റിലെത്തിയ തരൂര്‍ വിവാദ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി. തന്‍റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച തിരിക്കുമെന്ന് തരൂര്‍ അറിയിച്ചു. ഗിനിയയിലാണ് ആദ്യ സന്ദര്‍ശനം. അവസാനം യുഎസിലും

അമേരിക്കയിൽ എത്തുമ്പോൾ ഡോണൾ‍ഡ് ട്രംപിനെ നേരിട്ട് കണ്ട് യുഎസ് നിലപാട് മാറ്റുന്നതിന് സമ്മർദ്ദം ചെലുത്താൻ തരൂർ ശ്രമിക്കുന്നുണ്ട്. പാർട്ടി നിശ്ചയിക്കുന്നവര്‍ പോയാല്‍ മതിയെന്ന നിലപാട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും തരൂരിനെ അറിയിച്ചിരുന്നതായാണ് വിവരം. വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കാണ് തനിക്കുള്ള ക്ഷണമെന്ന് തരൂര്‍ അറിയിച്ചെങ്കിലും നേതൃത്വം പരിഗണിച്ചില്ല. അതേ സമയം സംഘത്തിലേക്ക് നേതാക്കളെ നിര്‍ദ്ദേശിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആവശ്യപ്പെട്ടിട്ടില്ലെന്നും യാത്രയെ കുറിച്ച് പാര്‍ട്ടികളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഏകോപന ചുമതലയുള്ള മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group