കണ്ണൂർ : നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെയും വിഎസ് ജോയിയെയും മാത്രമല്ല പരിഗണിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം എത്രയും നേരത്തെയുണ്ടാകും. നിലവിൽ സ്ഥാനാർത്ഥി ആരെന്നതിൽ അന്തിമ ധാരണയായിട്ടില്ല. പി. വി അൻവറിന് നിലമ്പൂരിൽ പ്രധാന റോളുണ്ടാകും. ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നേരത്തെയാക്കാമായിരുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തിൽ ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. വോട്ടെണ്ണൽ ജൂൺ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ 5 ആണ്. മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
Post a Comment