Join News @ Iritty Whats App Group

‘മേരാ യുവഭാരതും, മൈ ഭാരതും’ അംഗീകരിക്കില്ല; നെഹ്‌റുവിന്റെ പേരിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള നീക്കം ചെറുക്കും; ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ




നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റി സ്ഥാപനത്തെ കാവിവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാന്‍ നീക്കം ചരിത്ര വിരുദ്ധവും അപലപനീയവുമാണെന്ന് ഡിവൈഎഫ്‌ഐ. കഴിഞ്ഞ ദിവസമാണ് നെഹ്‌റു യുവ കേന്ദ്രയുടെ വെബ്‌സൈറ്റുകളിലും മറ്റും പേര് മാറ്റിയത്. ഹിന്ദിയില്‍ മേരാ യുവഭാരത് എന്നും ഇംഗ്ലീഷില്‍ മൈ ഭാരത് എന്നുമാണ് പുതിയ പേര് രേഖപ്പെടുത്തിയത്.

ഗ്രാമീണ യുവാക്കള്‍ക്ക് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വത്തിന്റെയും, കഴിവുകളുടെയും വികസനത്തിന് അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 1972 ല്‍ സ്ഥാപിതമായ നെഹ്‌റു യുവ കേന്ദ്ര, കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിച്ചത്. പേരു മാറ്റം സംബന്ധിച്ച് നെഹ്‌റു യുവ കേന്ദ്ര കോഡിനേറ്റര്‍മാര്‍ക്കും, നോഡല്‍ ഓഫീസര്‍മാര്‍ക്കും അറിയിപ്പ് ലഭിക്കുകയും ചെയ്തു.
പേരും ലോഗോയും മാറ്റുന്നു എന്നതല്ലാതെ അതിനു വ്യക്തമായ കാരണം പറഞ്ഞിട്ടില്ല.

സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് അധികാരത്തിലേറിയ അന്നു മുതല്‍ വിവിധ സ്ഥാപനങ്ങളുടെ പേര് കാവിവത്ക്കരണത്തിന്റെ ഭാഗമായി അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാറ്റുകയാണ്. പേര് മാറ്റം നടത്തുന്നതല്ലാതെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ യാതൊന്നും ചെയ്യാന്‍ വേണ്ടി ഇവര്‍ തയ്യാറാവുന്നുമില്ല.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്‌റുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പേരുമാറ്റം പിന്‍വലിക്കണമെന്നും ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group