Join News @ Iritty Whats App Group

നടക്കില്ലെന്ന് കരുതി, പക്ഷേ കേരള ഹൗസില്‍ വാമികയ്ക്ക് മൂന്നാം പിറന്നാളാഘോഷം; കാശ്മീരിലുള്ള അച്ഛനും സന്തോഷം




ദില്ലി: കേരള ഹൗസില്‍ വാമികയ്ക്ക് പിറന്നാളാഘോഷം. ജമ്മു കാശ്മീരില്‍ നിന്ന് തിടുക്കപ്പെട്ട് കേരളത്തിലേക്കുള്ള യാത്ര മൂലം നഷ്ടമായെന്നു കരുതിയ പിറന്നാളാഘോഷം ദില്ലി കേരള ഹൗസില്‍ വച്ച് സാധ്യമായതിന്‍റെ സന്തോഷത്തിലാണ് വാമിക വിനായക് എന്ന മൂന്നു വയസുകാരി. ഒരു മാസമായി ജന്മദിന ചടങ്ങിന്‍റെ ഒരുക്കങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന വാമികയുടെ ആഗ്രഹം സാധിച്ചുകൊടുത്തത് ഒപ്പമുണ്ടായിരുന്ന യാത്രികരാണ്. 

ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടിലേയ്ക്ക് മടങ്ങുന്ന മലയാളികളുടെ സംഘം കേരളഹൗസില്‍ വിശ്രമിക്കുമ്പോഴാണ് വാമികയുടെ ബർത്ത് ഡേ ഇന്നാണെന്ന് സഹയാത്രികർ അറിഞ്ഞത്. ഓണ്‍ലൈനിലൂടെ കേക്ക് വാങ്ങിയാണ് അവര്‍ വാമികയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്. കേക്ക് മുറിക്കുമ്പോള്‍ ജന്മദിനാശംസകള്‍ നല്‍കാനായി വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നായി കേരള ഹൗസിലെത്തിയ വിദ്യാർത്ഥികളും ഒത്തുകൂടി. 

വാമികയുടെ അച്ഛന്‍ അഖില്‍ വിനായക് ജമ്മു കാശ്മീരില്‍ എയര്‍ഫോഴ്‌സ് ജീവനക്കാരനാണ്. ജോലിമൂലം അഖിലിന് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനായില്ല. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കണമെന്നുള്ള മകളുടെ മോഹം നടന്നതില്‍ അച്ഛന് ഏറെ സന്താഷമായെന്ന് അമ്മയായ വിജയശ്രീ പറഞ്ഞു. അമ്മയ്‌ക്കൊപ്പം ഇന്ന് രാത്രിയിലെ കേരള എക്സ്പ്രസിൽ വാമിക സ്വദേശമായ ആലപ്പുഴയ്ക്ക് മടങ്ങും.

Post a Comment

Previous Post Next Post
Join Our Whats App Group