Join News @ Iritty Whats App Group

ഇഡിയുടെ കേസ് ഒഴിവാക്കുന്നതിന് രണ്ടു കോടി രൂപ; വ്യവസായിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഏജന്റുമാര്‍ പിടിയില്‍; കുടുക്കിയത് കേരള വിജിലന്‍സ്; നടന്നത് ഞെട്ടിക്കുന്ന തട്ടിപ്പ്

ഇ.ഡി കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ‘ഇഡി ഏജന്റുമാര്‍’ വിജിലന്‍സ് പിടിയില്‍. കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരെ 2,00,000/ രൂപ കൈക്കൂലി വാങ്ങവേ എറണാകുളം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കുടുങ്ങി.

കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ പരാതിക്കാരന്, കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവര്‍ കൂടുതലാണെന്നും, കണക്കുകളില്‍ വ്യാജ രേഖകള്‍ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും മറ്റും കാണിച്ച് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും 2024-ല്‍ ഒരു സമന്‍സ് ലഭിച്ചിരുന്നു.

അത് പ്രകാരം കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയും, അല്ലാത്ത പക്ഷം കേസെടുക്കുമെന്നും മറ്റും പറഞ്ഞിരുന്നു. തുടര്‍ന്ന് ഇ.ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വില്‍സണ്‍ പരാതിക്കാരനെ പല പ്രാവശ്യം ഫോണില്‍ വിളിക്കുകയും, നേരില്‍ കണുകയും ചെയ്യുകയും, കേസില്‍ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപ ഇ.ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു എന്നും മറ്റും പറയുകയും ചെയ്തു.

ഇ.ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കുന്നതിലേക്ക് ഓഫീസില്‍ നിന്നും വീണ്ടും സമന്‍സ് അയപ്പിക്കാമെന്ന് ഏജന്റായ വില്‍സണ്‍ പരാതിക്കാരനോട് പറയുകയും, 14.05.2025 തീയതി വീണ്ടും പരാതിക്കാരന് സമന്‍സ് ലഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഏജന്റായ വില്‍സണ്‍ പരാതിക്കാരനെ ഇ.ഡി ഓഫീസിനടുത്തുള്ള റോഡില്‍ വച്ച് കാണുകയും, കേസ് സെറ്റില്‍ ചെയ്യുന്നതിന് 50 ലക്ഷം രൂപ വീതം 4 തവണകളായി 2 കോടി രൂപ ആക്‌സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടില്‍ ഇട്ട് നല്‍കണമെന്നും കൂടാതെ 2 ലക്ഷം രൂപ പണമായി നേരിട്ട് വില്‍സനെ ഏല്‍പ്പിക്കണമെന്നും, 50,000/ രൂപ കൂടി അധികമായി അക്കൗണ്ടില്‍ ഇട്ട് നല്‍കണമെന്നും പറയുകയും, അക്കൗണ്ട് നമ്പര്‍ പരാതിക്കാരന് കൊടുക്കുകയും ചെയ്തു.

കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ കഴിഞ്ഞ ദിവസം വൈകിട്ട് 03.30 മണിക്ക് പനമ്പള്ളിനഗറില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 2,00,000/ രൂപ കൈക്കൂലി വാങ്ങവേ ഇ.ഡി ഏജന്റായ വില്‍സണെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടി. തുടര്‍ന്ന് പ്രതി വില്‍സണെ ചോദ്യം ചെയ്തതില്‍ മറ്റൊരു പ്രതിയായ രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷിന്റെ പങ്ക് വെളിവാകുകയും, മുരളി മുകേഷിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post
Join Our Whats App Group