Join News @ Iritty Whats App Group

ഒടുവിൽ പ്രഖ്യാപനം; നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി


തിരുവനന്തപുരം : അവസാന നിമിഷം വരെ നീണ്ട നാടകങ്ങൾക്ക് അവസാനം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി. കെപിസിസി നൽകിയ പേര് അംഗീകരിച്ചാണ് എഐസിസി പ്രഖ്യാപനം. മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാകണമെന്ന പിവി അൻവറിന്റെ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല. വി എസ് ജോയിയെ അനുനയിപ്പിച്ചാണ് കേരളാ ഘടകം ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് നൽകിയത്. 

രാഷ്ട്രീയ നേതാവിന് ഒപ്പം സാംസ്കാരിക പ്രവർത്തകനും തിരക്കഥാകൃത്തുമാണ് ആര്യാടൻ ഷൗക്കത്ത്. 2016 ൽ അൻവർ തട്ടിയെടുത്ത വിജയം ഇത്തവണ അൻവറിന്റെ പിന്തുണയോടെ നേടിയെടുത്ത് തൻറെ പിതാവ് ആര്യാടൻ മുഹമ്മദിന്റെ ആഗ്രഹം സഫലമാക്കാമെന്ന പ്രതീക്ഷയിലാണ് ഷൗക്കത്ത്. 

ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതം അസ്തമിച്ച് തുടങ്ങിയപ്പോഴാണ് നിലമ്പൂരിൽ അദ്ദേഹത്തിന്റെ സീറ്റിൽ മത്സരിച്ചത്. കോൺഗ്രസിലും ലീഗിലും ഇതിനെ ചൊല്ലി കലഹം ഉണ്ടായി. ആ അവസരം മുതലെടുത്ത് പി വി അൻവർ നിലമ്പൂരിൽ നോട്ടമിട്ടപ്പോൾ ഷൗക്കത്തിന് ആരാടിന്റ അതേ വഴി പിന്തുടരാം എന്ന സ്വപ്നം തൽക്കാലത്തേക്ക് കൈവിടേണ്ടി വന്നു. 2021 ലും ഷൗക്കത്ത് സീറ്റ് മോഹിച്ചുവെങ്കിലും ഡിസിസി പ്രസിഡണ്ടായിരുന്ന വി വി പ്രകാശ് ന്ന് നറുക്ക് വീണു.

നിരാശരായ ഷൗക്കത്ത് മനസ്സില്ലാ മനസ്സോടെ ഡിസിസി അധ്യക്ഷ പദവി ഏറ്റെടുത്തു. പിന്നീട് ആ പദവി വിഎസ് ജോയ്ക്കു കൈമാറി കോൺഗ്രസ് നേതൃത്വം ഷൗക്കത്തിന്റെ ഭാവിയെത്ര ഭദ്രമല്ലെന്ന് സൂചന നൽകി. ഇതോടെ നേതൃത്വവുമായി ഷൗക്കത്ത് അകന്നു. ആര്യാടൻ്റെ പേരിലുണ്ടാക്കിയ ട്രസ്റ്റ് പാർട്ടിയെ ധിക്കരിച്ച് പരിപാടി സംഘടിപ്പിച്ചു. ഒടുവിൽ മുന്നറിയിപ്പിന് വഴങ്ങി ഷൗക്കത്ത് വീണ്ടും കോൺഗ്രസ് നേതൃത്വത്തിൽ സജീവമായി. അൻവർ സ്ഥാനമൊഴിഞ്ഞതോടെ നിലമ്പൂരിലെ എതിരാളി ഇല്ലാതായി. ഒരുവേള കൈവിട്ടു പോകും എന്ന് കരുതിയ സീറ്റ് ആരാടന്റെ മകനെന്ന വിലാസം കൂടി മുൻനിർത്തി ഷൗക്കത്തിലേക്ക് തിരിച്ചെത്തി. 

പല മത സംഘടനകളും ആയും നിലമ്പൂരിലെ പ്രമുഖരുമായും പലകാലത്തും ഷൗക്കത്ത് ഇടഞ്ഞിരുന്നു. പക്ഷേ പി വി അബ്ദുൽ വഹാബ് അടക്കം പഴയ എതിരാളികൾ ഇപ്പോൾ ഷൗക്കത്തിന് സ്വന്തക്കാരാണ്. സാംസ്കാരിക പ്രവർത്തകൻ എന്ന നിലയ്ക്ക് മണ്ഡലത്തിന് പുറത്തേക്ക് വളർന്നുനിൽക്കുന്ന പ്രതിച്ഛായയിൽ വ്യക്തിത്വവും തുണയാകും എന്നു ഷൗക്കത്ത് പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group