Join News @ Iritty Whats App Group

കോള്‍ വിളിച്ചാല്‍ കിട്ടുന്നില്ല, ഡാറ്റയും ഇല്ല; കേരളത്തില്‍ സിഗ്നല്‍ പോയി എയര്‍ടെല്‍, ഒടുവില്‍ തിരിച്ചെത്തി


തിരുവനന്തപുരം: സിം ഉപയോക്താക്കളെ വലച്ച് ഇന്നലെ രാത്രി ഭാരതി എയര്‍ടെല്‍ സേവനം കേരളത്തില്‍ തടസപ്പെട്ടു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ പ്രശ്നങ്ങള്‍ നേരിട്ടുതുടങ്ങിയത്. പല ഉപയോക്താക്കള്‍ക്കും കോള്‍ഡ്രോപ്പും ഡാറ്റാ പ്രശ്നങ്ങളുമുണ്ടായി. കേരളത്തിന് പുറമെ തമിഴ്‌നാടാണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ തടസം നേരിട്ട മറ്റൊരു സംസ്ഥാനം. എന്നാല്‍ പുലര്‍ച്ചെ ഒരു മണിയോടെ നെറ്റ്‌വര്‍ക്കിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി എയര്‍ടെല്‍ അറിയിച്ചു.  

എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി ഇന്നലെ രാത്രി 9 മണിയോടെ എണ്ണായിരത്തിലധികം പരാതികളാണ് ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ഡിറ്റക്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. മൊബൈല്‍ സിഗ്നല്‍ ലഭ്യമാകുന്നില്ല എന്നായിരുന്നു എയര്‍ടെല്‍ ഉപയോക്താക്കളുടെ പ്രധാന പരാതി. കോള്‍ വിളിക്കാനും സ്വീകരിക്കാനും കഴിയുന്നില്ല, മൊബൈല്‍ ഇന്‍റര്‍നെറ്റ് ലഭ്യമല്ല എന്നിങ്ങനെ എയര്‍ടെല്‍ സിം യൂസര്‍മാരുടെ പരാതികള്‍ നീണ്ടു. കേരളത്തിന് പുറമെ ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, മധുരൈ നഗരങ്ങളില്‍ നിന്നുള്ള എയര്‍ടെല്‍ ഉപയോക്താക്കളും നെറ്റ്‌വര്‍ക്ക് തടസങ്ങളെ കുറിച്ച് പരാതിപ്പെട്ടു. 

എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമല്ലായെന്ന് കാണിച്ച് ഇന്നലെ രാത്രി ഏഴ് മണി മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റുകളുണ്ടായിരുന്നു. പിന്നീട് ഇതൊരു പരാതിപ്രളയമായി മാറി. സമയം രാത്രി 10 മണിയായിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. കേരളത്തിലെയും തമിഴ്‌നാട്ടിലെയും നെറ്റ്‌വര്‍ക്കിലെ പ്രശ്‌നങ്ങള്‍ അര്‍ധരാത്രി ഒരു മണിയോടെ പരിഹരിച്ചതായി ഭാരതി എയര്‍ടെല്‍ അറിയിച്ചു. താല്‍ക്കാലിക തടസം മാത്രമാണ് നെറ്റ്‌വര്‍ക്കില്‍ സംഭവിച്ചത് എന്നാണ് എയര്‍ടെല്ലിന്‍റെ വിശദീകരണം. എന്നാല്‍ നെറ്റ്‌വര്‍ക്കിലുണ്ടായ സാങ്കേതികതടസം എന്താണെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരാണ് ഭാരതി എയര്‍ടെല്‍.

Post a Comment

Previous Post Next Post
Join Our Whats App Group