ദില്ലി : ഓപ്പറേഷൻ സിന്ദൂർ നരേന്ദ്രമോദി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷം. അമേരിക്കയ്ക്ക് മുന്നിൽ മിണ്ടാതിരിക്കുന്ന മോദി എല്ലായിടത്തും സിന്ദൂരം വിൽക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരിഹസിച്ചു.
ഓപ്പറേഷൻ സിന്ദൂറിനെ പുകഴ്ത്തിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികളിലാണ് മോദി കഴിഞ്ഞ ദിവസങ്ങളിൽ പ്രസംഗിച്ചത്. ഓരോ പ്രസംഗത്തിലും പാകിസ്ഥാനെതിരായ നടപടിയിലൂടെ വാക്ക് പാലിച്ചെന്നവകാശപ്പെട്ട മോദി, പ്രതിപക്ഷ നേതാക്കളെയും മുൻ സർക്കാറുകളെയും രൂക്ഷമായി വിമർശിക്കുന്നുമുണ്ട്.
മമത ബാനർജി സർക്കാർ കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ പാവപ്പെട്ടവരിൽനിന്നും കമ്മീഷൻ വാങ്ങുന്നുവെന്ന് മോദി ഇന്നലെ അലിപുർദ്വാറിൽ നടത്തിയ റാലിയിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമതയുടെ പരിഹാസം. പ്രധാനമന്ത്രിയായിട്ടല്ല കേവലം ബിജെപി അധ്യക്ഷനായിട്ടാണ് മോദി സംസാരിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ബിജെപി നേതാക്കൾ ഇപ്പോൾ എല്ലായിടത്തും നടന്ന് സിന്ദൂരം വിൽക്കുകയാണ്. മോദിക്ക് ധൈര്യമുണ്ടെങ്കിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്താനും മമത വെല്ലുവിളിച്ചു.
നേരത്തെ കോൺഗ്രസും സൈനിക നടപടിയെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. റാലികളും റോഡ് ഷോകളും നടത്തി ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ജനവികാരം ബീഹാറിലും പ്രയോജനപ്പെടുത്താനുള്ള ശ്രമം മോദി തുടരുകയാണ്. ഇന്ന് രാവിലെ കാരാകാടിൽ റാലി നടത്തിയ മോദി പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ താൻ ബീഹാറിലെത്തി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചെന്നും, ഭീകരരെ മണ്ണിൽ ലയിപ്പിച്ചെന്നും പറഞ്ഞു. വൈകീട്ട് ഉത്തർപ്രദേശിലെത്തുന്ന മോദി പഹൽഗാമിൽ ഭീകരർ വെടിവച്ചുകൊന്ന കാൺപൂർ സ്വദേശി ശുഭം ദ്വിവേദിയുടെ കുടുംബത്തെ കാണുന്നുണ്ട്. നാളെ മധ്യപ്രദേശിലാണ് മോദിയുടെ പരിപാടികൾ.
Post a Comment