റിയാദ്: കഴിഞ്ഞ ഞായറാഴ്ച്ച സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ച കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിനി കരിമ്പലങ്ങോട്ട് റുബീനയുടെ (35) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. മുത്താലം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ജുബൈലിലെ സ്വന്തം ഫ്ലാറ്റിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷമാണ് സംഭവം. ക്ലാസ് കഴിഞ്ഞ് മക്കൾ വീട്ടിലെത്തിയപ്പോൾ വാതിലിൽ തട്ടിവിളിച്ചിട്ടും തുറന്നില്ല. അവരുടെ കൈയിലുള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്.
ജുബൈലിലെ എസ്.എം.എച്ച് കമ്പനിയിൽ ആണ് ജോലി ചെയ്യുന്ന ചിറ്റംകണ്ടി നെല്ലിക്കാപറമ്പിൽ അബ്ദുൽ മജീദ് ആണ് ഭർത്താവ്. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി അംജദും നഴ്‌സറി വിദ്യാർഥിയായ അയാനും മക്കളാണ്. ഉമ്മയുടെ മരണത്തെ തുടർന്ന് മക്കൾ നാട്ടിലേക്ക് പോയി. റുബീനയുടെ അപ്രതീക്ഷിത വിയോഗം ജുബൈലിലെ മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
പിതാവ്: അബൂബക്കർ, മാതാവ്: റംല. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറയുടെ നേതൃത്വത്തിൽ കുടുംബ സുഹൃത്തുക്കളായ മുഹാജിർ, അബ്ദുൽ അസീസ്, കെ.എം.സി.സി വെൽഫയർ വിഭാഗം അംഗങ്ങളായ അൻസാരി നാരിയ, ഹനീഫ കാസിം, ഖോബാർ കെ.എം.സി.സി പ്രസിഡൻറ് ഇഖ്ബാൽ ആനമങ്ങാട് എന്നിവർ ചേർന്നാണ് മരണാനന്തര നടപടികൾ പൂർത്തിയാക്കിയത്.
Post a Comment