Join News @ Iritty Whats App Group

ഗാസ ക്ഷാമത്തിന്റെ വക്കിൽ; സാഹചര്യം വളരെ മോശമാകുന്ന അവസ്ഥയെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന. ഉപരോധം കാരണം ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സഹായങ്ങൾ ഗാസയിലേയ്ക്ക് എത്തുന്നില്ല. 21 ലക്ഷത്തോളം വരുന്ന മുഴുവൻ ജനസംഖ്യയും പട്ടിണി നേരിടുകയാണെന്നും ഏകദേശം 5 ലക്ഷത്തോളം പേർ ഇതിനകം തന്നെ വിനാശകരമായ അവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കണക്കുകൾ പ്രകാരം ഈ പ്രതിസന്ധി ലോകത്തിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

"നിലവിലുള്ള ഉപരോധത്തിൽ ഭക്ഷണം ഉൾപ്പെടെയുള്ള മാനുഷിക സഹായം തടഞ്ഞുവച്ചതോടെ ഗാസയിൽ ക്ഷാമത്തിനുള്ള സാധ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗാസയിലെ 21 ലക്ഷം ജനസംഖ്യ മുഴുവൻ ദീർഘകാല ഭക്ഷ്യക്ഷാമം നേരിടുന്നു. ഏകദേശം 5 ലക്ഷം ആളുകൾ വിശപ്പ്, കടുത്ത പോഷകാഹാരക്കുറവ്, പട്ടിണി, രോഗം, മരണം എന്നിവയുടെ വക്കിലാണ്. ലോകത്തിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധികളിൽ ഒന്നാണിത്. സമയം മുന്നോട്ട് പോകുംതോറും സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്." ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

ഗാസ ഇതിനകം തന്നെ പട്ടിണിയുടെ പിടിയിലായിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അതിർത്തിക്കപ്പുറത്ത് നിന്ന് ജീവൻ രക്ഷിക്കാനുള്ള ഭക്ഷണവും മരുന്നും എത്താൻ ഏതാനും മിനിറ്റുകൾ മാത്രം മതിയെന്നിരിക്കെ ആളുകൾ പട്ടിണി കിടക്കുകയും രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുകയാണ്. ഭക്ഷണവും അവശ്യവസ്തുക്കളും ഉടനടി ലഭ്യമല്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാർച്ച് 2നാണ് ഗാസയ്ക്ക് മേൽ ഇസ്രായേലിന്‍റെ ഉപരോധം ആരംഭിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group