Join News @ Iritty Whats App Group

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ മോഷണം; അതിസുരക്ഷാ മേഖലയിലെ ലോക്കറില്‍ നിന്നും സ്വര്‍ണം കാണാതായി; ക്ഷേത്ര ഭരണസമിതിയ്ക്കും തിരുവിതാംകൂര്‍ രാജകുടുംബത്തിനും വെല്ലുവിളി

ചരിത്രപ്രസിദ്ധമായ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന്റെ അതിസുരക്ഷാ മേഖലയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ (ഏകദേശം 107 ഗ്രാം) സ്വര്‍ണം മോഷണം പോയതായാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്ര കവാട നിര്‍മാണത്തിനായി സംഭാവന ലഭിച്ച സ്വര്‍ണമാണ് മോഷണം പോയത്.

മോഷണം നടന്നത് ക്ഷേത്രത്തിന്റെ ഉയര്‍ന്ന സുരക്ഷാ വലയത്തിലാണ്, ഇവിടെ സംസ്ഥാന പൊലീസിന്റെയും കേന്ദ്ര സേനകളുടെയും കര്‍ശനമായ നിരീക്ഷണം ഉണ്ടായിരുന്നു. 2011 മുതല്‍ അഞ്ച് ഘട്ട സുരക്ഷാ സംവിധാനം നിലവിലുള്ള ഈ ക്ഷേത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കര്‍ പരിശോധനയ്ക്കിടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഷണം കണ്ടെത്തിയത്.

സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. പ്രാഥമിക അന്വേഷണത്തില്‍, മോഷണം ആസൂത്രിതമാണെന്നും ആന്തരിക സഹായം ഉണ്ടായിരിക്കാമെന്നും സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നിലവിലെ മോഷണം ക്ഷേത്ര ഭരണസമിതിയ്ക്കും തിരുവിതാംകൂര്‍ രാജകുടുംബത്തിനും വലിയ വെല്ലുവിളിയാണ്.

മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിലെ പാത്രം മോഷണം പോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ ഹരിയാന, ബീഹാര്‍ സ്വദേശികളുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലും എടുത്തിരുന്നു.

എന്നാല്‍ നടന്നത് മോഷണമല്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഹരിയാന സ്വദേശികള്‍ക്ക് മോഷണവുമായി ബന്ധമില്ലെന്ന് പൊലീസ് പിന്നെ കണ്ടെത്തിയിരുന്നു. പുരാവസ്തു വിഭാഗത്തില്‍പ്പെട്ട പാത്രം അബദ്ധത്തില്‍ മറ്റൊരാള്‍ എടുത്ത് നല്‍കിയതാണെന്ന ഹരിയാന സ്വദേശികളുടെ മൊഴി സത്യമാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. വിദേശികളായ ഇവര്‍ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയതായിരുന്നു.

ഒക്ടോബര്‍ 13ാം തീയതി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പാത്രം കാണാതാവുന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന പൂജ സാമഗ്രികള്‍ അടങ്ങിയ പാത്രം നിലത്ത് വീണപ്പോള്‍ എടുത്ത് നല്‍കിയത് മറ്റൊരു പാത്രമായിരുന്നു. തുടര്‍ന്ന് ആ പാത്രവുമായി ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് പൊലീസ് ഇവരെ പിടികൂടി കേരളത്തില്‍ എത്തിക്കുകയും മോഷണവസ്തു തിരിച്ച് പിടിക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group