മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ മുൻ ബജ്‌റംഗ്ദൾ അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ. സുഹാസ് ഷെട്ടി എന്നയാളാണ് വ്യാഴാഴ്ച രാത്രി ആക്രമത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സുഹാസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ സിസിടിവി ക്യാമറയിൽ പതിഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
മെയ് 1 ന് രാത്രി 8.27 ന് ഷെട്ടി മറ്റ് അഞ്ച് പേർക്കൊപ്പം ഒരു കാറിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. അവരുടെ വാഹനം മറ്റ് രണ്ട് കാറുകൾ തടഞ്ഞുനിർത്തി, അതിൽ നിന്ന് അഞ്ചോ ആറോ അക്രമികൾ പുറത്തിറങ്ങി ഷെട്ടിയെ വാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടുത്തുള്ള എജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തെത്തുടർന്ന്, ആശുപത്രിക്ക് പുറത്ത് ധാരാളം ഹിന്ദുസംഘടനാ പ്രവർത്തകർ തടിച്ചുകൂടി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
ബിജെപി എംപി നളിൻ കുമാർ കട്ടീൽ, എംഎൽഎ ഭരത് ഷെട്ടി, വിവിധ ഹിന്ദു സംഘടനകളുടെ നേതാക്കൾ എന്നിവർ ആശുപത്രി സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ പ്രാദേശിക ഘടകം വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മംഗളൂരുവിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആശുപത്രിയിലും മറ്റ് പ്രശ്ന ബാധിത പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുന്നതായും കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി ജി പരമേശ്വരയ്യ അറിയിച്ചു. ദൃശ്യങ്ങളിൽ നിന്ന് പ്രതികളിൽ ചിലരെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022-ൽ സൂറത്ത്കലിലെ ഒരു തുണിക്കടയ്ക്ക് സമീപം 23 വയസ്സുള്ള മുഹമ്മദ് ഫാസിൽ എന്ന മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് സുഹാസ് ഷെട്ടി.
Post a Comment