Join News @ Iritty Whats App Group

ക്ഷേത്രങ്ങളില്‍ ഇനിയും പാടും, അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നത്; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിച്ച് വേടന്‍


ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ പത്രാധിപര്‍ എന്‍ആര്‍ മധുവിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. വേടന്റെ പാട്ടുകള്‍ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു മധുവിന്റെ പ്രസ്താവന. ക്ഷേത്രാങ്കണങ്ങളില്‍ വേടനെ പോലുള്ളവരെ പാടാന്‍ അനുവദിക്കരുതെന്നും മധു പരോക്ഷ ആഹ്വാനവും നടത്തിയിരുന്നു.

മധുവിന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു വേടന്റെ പ്രതികരണം. അമ്പലങ്ങളില്‍ ഇനിയും അവസരം ലഭിക്കുമെന്നും പാട്ട് പാടുമെന്നും വേടന്‍ പറഞ്ഞു. താനെടുക്കുന്ന പണി പലരെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല. താന്‍ വിഘടനവാദിയാണെന്ന് മുന്‍പും പലരും പറഞ്ഞിട്ടുണ്ടെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. ജാതി ഭീകരത എന്നൊക്കെ പറയുന്നത് കോമഡിയല്ലേ? സര്‍വ ജീവികള്‍ക്കും സമത്വം കല്‍പ്പിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നത്. ബാക്കിയെല്ലാം ആളുകള്‍ തീരുമാനിക്കട്ടെയെന്നും വേടന്‍ അഭിപ്രായപ്പെട്ടു. പുലിപ്പല്ല് കേസിന്റെ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട് കോടനാട് വനംവകുപ്പ് റേഞ്ച് ഓഫീസില്‍ എത്തിയപ്പോഴായിരുന്നു ഗായകന്റെ പ്രതികരണം.

കൊല്ലം കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാര്‍വതി ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗം.

വേടന്റെ പാട്ടുകള്‍ വളര്‍ന്നുവരുന്ന തലമുറയിലേയ്ക്ക് വിഷം കുത്തിവയ്ക്കുന്ന കലാഭാസമാണ്. ഇത്തരം പ്രകടനങ്ങള്‍ ക്ഷേത്രങ്ങളില്‍ കടന്നുവരുന്നത് തടയണം. രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ടുകഴിയുന്ന കറുത്ത ശക്തികള്‍ അയാളുടെ പിന്നിലുണ്ട് എന്നത് കൃത്യമാണ്. കലാഭാസങ്ങള്‍ നാലമ്പലങ്ങളിലേയ്ക്ക് കടന്നുവരുന്നത് ചെറുക്കേണ്ടതാണെന്നും മധു പറഞ്ഞു.

ആര്‍എസ്എസ് നേതാവിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ശ്യാം മോഹന്‍ പരാതി നല്‍കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group