Join News @ Iritty Whats App Group

'കണ്ണൂർ സ്ക്വാഡി'ലെ യഥാർഥ താരം റാഫി അഹമ്മദ് പടിയിറങ്ങുന്നു




ഇരിട്ടി:മലയാളത്തിൽ സൂപ്പർ
ഹിറ്റായ 'കണ്ണൂർ സ്ക്വാഡി'ലെ
സേനയിൽ നിന്ന്
യഥാർഥ താരം
പടിയിറങ്ങുന്നു.


കണ്ണൂര്‍ സ്‌ക്വാഡിനെ നയിച്ച എസ്.ഐ റാഫി അഹമ്മദാണ് അന്വേഷണ ജീവിതത്തില്‍ ചരിത്രം സൃഷ്ടിച്ച്‌ സേനയില്‍നിന്ന് 30ന് പടിയിറങ്ങുന്നത്. ഇരിട്ടി വിളക്കോട് പാറക്കണ്ടം സ്വദേശിയായ റാഫി അഹമ്മദ് 1993 മാര്‍ച്ച്‌ ഒന്നിനാണ് സർവിസില്‍ പ്രവേശിച്ചത്.

പല സ്റ്റേഷനുകളിലും മാറി മാറി ജോലി ചെയ്ത റാഫി, അന്വേഷണ മികവുകൊണ്ട് സേനയില്‍ ശ്രദ്ധേയനായി. അക്കാലത്ത് മോഷണ പരമ്ബരകളും രാഷ്ട്രീയക്കൊലകളും കൊണ്ട് കണ്ണൂർ ജില്ലയില്‍ സമാധാനം നഷ്ടപ്പെട്ട സ്ഥിതിയായിരുന്നു. ഇതേത്തുടർന്ന് കണ്ണൂർ എസ്.പി ആയിരുന്ന നിലവിലെ ഡി.ജി.പി എസ്. ശ്രീജിത്താണ് ഒമ്ബതംഗ കണ്ണൂര്‍ സ്‌ക്വാഡിന് രൂപം നല്‍കിയത്. നയിക്കാൻ റാഫി അഹമ്മദിനെയും ബേബി ജോർജിനെയും നിയോഗിച്ചു.

കണ്ണൂര്‍, കാസർകോട്, കോഴിക്കോട് ജില്ലകളിലുള്‍പ്പെടെ പ്രമാദമായ നിരവധി കേസുകള്‍ തെളിയിച്ച്‌ സ്ക്വാഡ് വലിയ ശ്രദ്ധനേടി. സിനിമയില്‍ ഉള്‍പ്പെടുത്തിയ തൃക്കരിപ്പൂര്‍ സലാംഹാജി വധം, പനമരം കൊലക്കേസ്, കണ്ണപുരത്തെ മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 25 ലക്ഷം കവര്‍ന്ന സംഭവം, പെരിങ്ങോം തങ്കമ്മ കേസ്, ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച, കുപ്പത്തെ ക്ഷേത്ര വിഗ്രഹ കവര്‍ച്ച, ആറളം ഏച്ചിലം ക്ഷേത്രത്തിലെ വിഗ്രഹ കവര്‍ച്ച, കരിക്കോട്ടക്കരി മേരി ടീച്ചര്‍ വധക്കേസ് തുടങ്ങി നിരവധി പ്രമാദമായ കേസുകള്‍ക്ക് തുമ്ബുണ്ടാക്കിയത് സ്ക്വാഡായിരുന്നു. കവർച്ചാ കേസുകളിലെ പ്രതികളെ അന്യ സംസ്ഥാനങ്ങളില്‍ ചെന്ന് ദിവസങ്ങളോളം കാത്തിരുന്നാണ് റാഫിയും സംഘവും വലയിലാക്കിയത്.

പ്രതികളില്‍ നിന്ന് ആക്രമണമേല്‍ക്കേണ്ടിയും വന്നിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച സംഘത്തിലും റാഫി അംഗമായിരുന്നു. 300 ഓളം ഗുഡ്‌ സർവിസ് എന്‍ട്രി, മുഖ്യമന്ത്രിയുടെ മെഡല്‍, നാല് തവണ ഡി.ജി.പിയുടെ മെഡല്‍ എന്നിവ അന്വേഷണമികവിനുള്ള അംഗീകാരമായി തേടിയെത്തി. അഞ്ചുവര്‍ഷമായി കണ്ണൂര്‍ സിറ്റി നര്‍ക്കോട്ടിക്‌ സെല്‍ എസ്.ഐ ആയ റാഫി മയക്കുമരുന്ന് ലോബിയെ ജയിലഴിക്കുള്ളിലാക്കാനും മുന്നിലുണ്ടായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കള്‍: റമീസ് അഹമ്മദ് (എറണാകുളം), യൂനുസ് അഹമ്മദ് (വിദ്യാർഥി, ജർമനി), ഫാത്തിമ തസ്‌നി (ബിരുദവിദ്യാര്‍ത്ഥിനി, എം.ജി കോളജ്, ഇരിട്ടി)

Post a Comment

Previous Post Next Post
Join Our Whats App Group