പാലക്കാട്: സ്ത്രീകളെ കബളിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. പാലക്കാട് മണ്ണാർക്കാട് തെങ്കരയിലെ നൂറ് സ്ത്രീകളാണ് മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയത്. മുണ്ടക്കണ്ണി സ്വദേശി വിജയലക്ഷിക്കെതിരെയാണ് വീട്ടമ്മമാർ ഉൾപ്പെടെ പരാതിയുമായി രംഗത്തെത്തിയത്.
വീടുകൾ തോറും കയറി ഇറങ്ങി, സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി, വായ്പ സംഘടിപ്പിച്ച് നൽകിയുള്ള തട്ടിപ്പ്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നും എളുപ്പത്തിൽ വായ്പ വാങ്ങിക്കൊടുക്കും. പണം ഗഡുക്കളായി നൽകിയാൽ മതി എന്ന് വിശ്വസിപ്പിച്ചാണ് വ്യാപക തട്ടിപ്പ് നടന്നത്. തിരിച്ചടവിനായി മാസം തോറും പണം പിരിച്ചു. എന്നാൽ പണം വായ്പാ അക്കൗണ്ടുകളിൽ എത്തിയില്ല. എല്ലാം പോയത് ആരോപണ വിധേയയുടെ അക്കൌണ്ടിലേക്ക്.
പലരുടെയും രേഖകൾ ഉപയോഗിച്ച് കുടുംബശ്രീകളിൽ നിന്ന് വായ്പയെടുത്തു. എന്നാൽ പണം യാഥാർത്ഥ ഉപഭോക്താവിന് കൈമാറിയില്ല. വിശ്വസിച്ച് ഏൽപ്പിച്ച രേഖകൾ ഉപയോഗിച്ച് ഒരാളുടെ പേരിൽ തന്നെ പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തും പണം തട്ടി. വീട്ടമ്മമാ൪ ഉൾപ്പെടെ തെങ്കരയിലെ നൂറിലേറെ സ്ത്രീകളാണ് തട്ടിപ്പിനിരയായെന്ന പരാതിയുമായി രംഗത്തെത്തിയത്.
വായ്പ കുടിശ്ശികയായതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. പരാതിക്കാ൪ ആരോപണം ഉന്നയിക്കുന്ന വിജയലക്ഷ്മി നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment