Join News @ Iritty Whats App Group

സുപ്രീംകോടതിയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് നാളെ ചുമതലയേൽക്കും

സുപ്രീംകോടതിയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് നാളെ ചുമതലയേൽക്കും. ദളിത് വിഭാഗത്തിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് മഹാരാഷ്ട്ര അമരാവതി സ്വദേശിയായ ബി ആർ ഗവായ്. മുൻ കേരളാ ഗവർണറായിരുന്ന ആർ എസ് ഗവായിയുടെ മകനാണ് ബി ആർ ഗവായ്. ബുൾഡോസർ രാജിനെതിരായ വിധി, ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി തുടങ്ങി നിരവധി സുപ്രധാനമായ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ഭൂഷണൻ രാമകൃഷ്ണ ഗവായ് എന്ന ബി ആർ ഗവായ്.

ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുശേഷം ദളിത് വിഭാഗത്തിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗവായ്. 1960 നവംബർ 24-ന് മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ബി ആർ ഗവായ് ജനിച്ചത്. കേരളത്തിലും ബീഹാറിലും സിക്കിമിലും ഗവർണറായിരുന്ന ആർ എസ് ഗവായ് യുടെ മകനാണ് ബി ആർ ഗവായ്.



1985ൽ ഇരുപത്തഞ്ചാം വയസ്സിൽ ബോംബൈ ഹൈക്കോടതിയിൽ അഭിഭാഷകനായ ഗവായ് പിന്നീട് നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 16 വർഷക്കാലത്തോളം ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി ആർ ഗവായ് 2019-ലാണ് സുപ്രീം കോടതി ജഡ്ജിയായത്. ഭരണഘടനാ നിയമം, ഭരണ നിയമം എന്നിവയിൽ ഗവായ് പ്രാവീണ്യം നേടിയിട്ടുണ്ട്. ഇരുനൂറോളം വിധിന്യായങ്ങൾ ജസ്റ്റിസ് ബി ആർ ഗവായിയുടേതായിട്ടുണ്ട്.

ബുൾഡോസർ രാജിനെതിരായ വിധി, എ എ പി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യം, 2016-ലെ നോട്ട് നിരോധന തീരുമാനം ശരിവച്ച വിധി, ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി എന്നിവ ജസ്റ്റിസ് ഗവായിയെ ശ്രദ്ധേയനാക്കി. ബുൾഡോസർ രാജ് ഭരണഘടനാ വിരുദ്ധമാണെന്നും ജഡ്ജിമാരെപ്പോലെ പെരുമാറാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും അങ്ങനെ പ്രവർത്തിച്ചാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും ഗവായ് വിധിയിലെഴുതി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേസിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗവുമായിരുന്നു ഗവായ്. ആറു മാസക്കാലത്തിനുശേഷം ഈ വരുന്ന നവംബറിൽ ബി ആർ ഗവായ് വിരമിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group