കാണ്‍പൂർ: ഹെയർ ട്രാൻസ്പ്ലാന്‍റ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ രണ്ട് എഞ്ചിനീയർമാർ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ദന്ത ഡോക്ടർ കീഴടങ്ങി. അനുഷ്ക തിവാരി എന്ന ഡോക്ടറാണ് കീഴടങ്ങിയത്. ഉത്തർപ്രദേശിലെ കാൺപൂരിൽ എംപയർ എന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്. ഈ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയർമാരുടെ മരണത്തെ കുറിച്ചാണ് പരാതി. വിനീത് ദുബെ (40), മായങ്ക് കത്യാർ (30) എന്നീ എഞ്ചിനീയർമാരുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കൾ പരാതി നൽകിയത്.
ഡോ. അനുഷ്ക തിവാരി, ഭർത്താവ് ഡോ. സൗരഭ് ത്രിപാഠി എന്നിവരാണ് ക്ലിനിക്ക് നടത്തിയിരുന്നത്. ഇരുവരും ദന്ത ഡോക്ടർമാരാണ്. ഇവർക്കോ ആശുപത്രിയിലെ മറ്റ് ജീവനക്കാർക്കോ ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചെയ്യാൻ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
വിനീത് ദുബെയുടെ ഭാര്യ ജയ ത്രിപാഠി മുഖ്യമന്ത്രിയുടെ പോർട്ടലിൽ ക്ലിനിക്കിനെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. മാർച്ച് 13 ന്, ഡോ. അനുഷ്ക തിവാരിയുടെ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിനീതിന്‍റെ മുഖം വീർത്ത് വേദന അനുഭവപ്പെട്ടെന്ന് ജയ ത്രിപാഠി നൽകിയ പരാതിയിൽ പറയുന്നു. മാർച്ച് 15ന് മറ്റൊരു ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നും അതിന് മതിയായ ചികിത്സ നൽകാതിരുന്നതാണ് മരണ കാരണമെന്നാണ് നിഗമനം. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 106(1) പ്രകാരം മെയ് 9 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ദുബെയുടെ കേസിന് പിന്നാലെ കുശാഗ്ര കത്യാർ എന്നയാൾ അതേ ക്ലിനിക്കിനെതിരെ പരാതി നൽകി. നവംബർ 18 ന് എംപയർ ക്ലിനിക്കിൽ സഹോദരൻ മായങ്ക് കത്യാർ ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചെയ്തെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടെന്നും അടുത്ത ദിവസം അദ്ദേഹം മരിച്ചെന്നും പരാതിയിൽ പറയുന്നു.
പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡോ. അനുഷ്ക തിവാരിയും ഭർത്താവും ഒളിവിലായിരുന്നു. ഡോക്ടറെ കണ്ടെത്താൻ മൂന്ന് സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഡോക്ടർ അനുഷ്ക കീഴടങ്ങിയത്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment