Join News @ Iritty Whats App Group

3 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി, വിശദമായി ചോദ്യം ചെയ്യും

കൊച്ചി: മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്പിയുടെ നേതൃത്വത്തില്‍ സന്ധ്യയെ വിശദമായ ചോദ്യം ചെയ്യും. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കുഞ്ഞിനെ കൊല്ലാന്‍ മുമ്പും സന്ധ്യ ശ്രമിച്ചിരുന്നെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു.

പുത്തൻ ഉടുപ്പിട്ട് കളിച്ചും ചിരിച്ചും അമ്മയുടെ കൈപിടിച്ച് അങ്കണവാടിയിലേക്ക് പോയ കല്യാണിയാണ് ഒരു നാടിന്റെ തീരാ നോവായി മാറിയത്. മൂന്ന് വയസുകാരി നാടിന്‍റെയാകെ സങ്കടമായെങ്കിലും ചെയ്ത തെറ്റിനെ കുറിച്ച് ഒരു പശ്ചത്താപവും അമ്മ സന്ധ്യ പ്രകടിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ട്. പക്ഷേ എന്തിനീ ക്രൂരത ചെയ്തു എന്ന ചോദ്യത്തിന് ഞാന്‍ ചെയ്തു എന്ന് മാത്രമായിരുന്നു സന്ധ്യയുടെ മറുപടി.

സന്ധ്യയ്ക്ക് 35 വയസുണ്ടെങ്കിലും പ്രായത്തിനനുസരിച്ചുള്ള മാനസിക വളര്‍ച്ച ഇല്ലെന്നാണ് സന്ധ്യയുടെ കുടുംബം പറയുന്നത്. പലകുറി മാനസികാരോഗ്യ വിദഗ്ധരെയടക്കം കണ്ട് സന്ധ്യ ചികിത്സ തേടിയിട്ടുമുണ്ടെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. കുഞ്ഞിനെ കാണാതായ ഘട്ടം മുതല്‍ സന്ധ്യയെ ചോദ്യം ചെയ്യുന്ന പൊലീസിനും സന്ധ്യയുടെ മനോനിലയെ കുറിച്ച് സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മാനസികാരോഗ്യ വിദഗ്ധനെ എത്തിച്ച് സന്ധ്യയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയതും. നിലവില്‍ കൊലക്കേസ് തന്നെ സന്ധ്യയ്ക്കെതിരെ ചുമത്തി മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം. 

എന്നാല്‍, സന്ധ്യയ്ക്ക് ഒരു മാനസിക പ്രശ്നങ്ങളും ഇല്ലെന്നണ് ഭര്‍ത്താവ് സുഭാഷിന്‍റെ പക്ഷം. സന്ധ്യ മുമ്പും കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവരുന്നുണ്ട്. മൂന്ന് മാസം മുമ്പായിരുന്നു വധശ്രമമെന്ന് കുഞ്ഞിന്‍റെ അച്ഛന്‍റെ വീട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞിനെ കൂടാതെ സന്ധ്യയ്ക്ക് പത്ത് വയസുള്ള ഒരു മകന്‍ കൂടിയുണ്ട്. സന്ധ്യയുടെയും ഭര്‍ത്താവിന്‍റെയും കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group