കൊൽക്കത്ത: മറ്റൊരാൾ തന്റെ പേരിൽ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ കൊൽക്കത്ത സ്വദേശി. കേട്ടറിവ് പോലുമില്ലാത്ത ലോണിന്റെ പേരിൽ, എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സുഭദീപ് മിത്ര എന്ന സാധാരണക്കാരൻ. 'തിരിച്ചറിയൽ മോഷണം' ആരോപിച്ച് ബാങ്ക് ജപ്തിയിൽ നിന്ന് സംരക്ഷണം തേടി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം.
2023 ഡിസംബറിൽ ഒരു മൊബൈൽ ഫോൺ ഇഎംഐയിൽ വാങ്ങാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന് അനുമതി നിഷേധിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നെടുത്ത 27,20,000 രൂപയുടെയും പിരമൽ ഹൗസിംഗ് ആൻഡ് ഫിനാൻസ് ലിമിറ്റഡിൽ നിന്ന് 9,19,000 രൂപയുടെയും രണ്ട് വായ്പകൾ അടവ് തെറ്റിയത് കാരണം, സിബിൽ സ്കോർ വളരെ താഴ്ന്ന നിലയിലായതായിരുന്നു കാരണം. എന്നാൽ ഈ വായ്പകളെ കുറിച്ച് തനിക്ക്യാതൊരു വിവരവും ഇല്ലെന്നാണ് സുഭദീപ് പറയുന്നത്.
അന്ദുലിൽ സ്വദേശി സുഭദീപിന്റെ ആധാർ, പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് വായ്പയെടുത്തതായി കണ്ടെത്തി. എന്നാൽ നൽകിയിട്ടുള്ള വിലാസം പോലും തന്റെയല്ലെന്ന് സുഭദീപ് പറയുന്നു. മിത്ര 2023 ഡിസംബർ 27 ന് ടോപ്സിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വായ്പ തന്റേതല്ലാത്തതിനാൽ പണം നൽകേണ്ടതില്ലെന്ന് ഫിനാൻസ് കമ്പനി അറിയിക്കുകയും ചെയ്തു. ബാങ്കിൽ ചെന്നപ്പോൾ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോ തന്റേതല്ലെന്നും സുഭദീപ് കണ്ടെത്തി.
തന്റെ അതേ പേരിലുള്ള വ്യക്തിയെ കണ്ടെത്തുന്നതിന് പകരം, ബാങ്ക് കുടിശ്ശികയായ വായ്പ തിരിച്ചുപിടിക്കാൻ ജപ്തി നടപടികൾഖ്കായി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചതായി മിത്രയുടെ അഭിഭാഷകൻ പറയുന്നു. ലോണെടുത്തയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വായ്പയെടുക്കാൻ പ്രതി തന്റെ ആധാർ, പാൻ കാർഡ് എന്നിവ ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് ഇപ്പോൾ മിത്ര ഹൈക്കോടതിയെ സമീപിച്ചത്.
ചൊവ്വാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് അമൃത സിൻഹ, വായ്പ നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ബാങ്കിന് നിർദ്ദേശം നൽകി. പിഎൻബിയുമായുള്ള ഇടപാടുകളിൽ സുഭദീപിന്റെ വിലാസം ഉണ്ടായിരുന്നില്ല. ബാങ്ക് കടം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് സുഭദീപിന്റെ വിലാസം ബാങ്ക് ഉൾപ്പെടുത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു. കേസ് മെയ് 16 ന് വീണ്ടും പരിഗണിക്കും
Post a Comment