തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ ഇന്നലെ അപൂർവമായൊരു യാത്രയയപ്പ് നടന്നു. രണ്ട് പതിറ്റാണ്ടിലധികമായി നൂറുകണക്കിന് കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ നോക്കിവളർത്തിയ ഒരമ്മ ഇന്നലെ ജോലിയിൽ നിന്ന് വിരമിച്ചു. പകരം വയ്ക്കാനാക്കാത്ത സ്നേഹത്തിന് ശിശുക്ഷേമ സമിതി ഒരു സമ്മാനവും നൽകി.
ആരൊക്കെയോ ഉപേക്ഷിച്ച് കളഞ്ഞ കുഞ്ഞുങ്ങൾക്ക് എല്ലാമെല്ലാമായി തീർന്നൊരമ്മ. 21 വർഷമായി തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ എത്തുന്ന കുഞ്ഞുങ്ങളെ മാറോടണച്ച് വളർത്തിയ പോറ്റമ്മ. പോങ്ങമൂട് സ്വദേശി ജയ എൽ. ഇനി ജയാമ്മയ്ക്ക് വിശ്രമകാലം.
"ഇത്രയും വർഷങ്ങൾക്ക് ശേഷം പോകുന്നതിൽ വിഷമമുണ്ട്. ഇത്രയും മക്കളുമായി സന്തോഷമായി ഇരുന്ന നാളുകൾ ഇനിയെന്നും ഓർമിക്കും. സമാധാനത്തോടെ പോകുന്നു"- ജയ പറഞ്ഞു.
21 കൊല്ലമായി സമിതിയിലെ ജീവനക്കാരിയാണ്. സമിതിയിലെത്തുന്ന കുഞ്ഞുങ്ങൾക്ക് കാവലായി, തണലായി. അവരുടെ കണ്ണീരൊപ്പി, ആഹാരം നൽകി, കിടത്തിയുറക്കി. സമിതി വിട്ട് പോകുന്ന കുഞ്ഞുങ്ങളെ സന്തോഷത്തോടെ യാത്രയാക്കി. പലരും അമ്മയെന്ന് ആദ്യം വിളിച്ചത് ജയാമ്മയെ ആയിരിക്കും.
യാത്രയപ്പ് ചടങ്ങിൽ ജയാമ്മ വിതുമ്പി. ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും സമിതിയിലേക്ക് വരാതിരിക്കാനാകില്ല ജയാമ്മയ്ക്ക്. മക്കളെ വന്നുകണ്ടിട്ട് പോകുമെന്ന് ജയ പറഞ്ഞു. 35 രൂപ ദിവസ വേതനത്തിന് തുടങ്ങിയതാണ് ജോലി. ഇപ്പോൾ 675 രൂപയായി. വിലമതിക്കാനാകാത്ത സേവനത്തിന് ജയാമ്മയ്ക്ക് ശിശുക്ഷേമ സമിതി സ്വർണ ബ്രേസ് ലെറ്റ് സമ്മാനിച്ചു. ആരുമില്ലാത്ത കുഞ്ഞുങ്ങൾക്ക് അളവില്ലാതെ പകർന്ന സ്നേഹത്തിന് നന്ദി പറഞ്ഞാണ് ജയാമ്മയെ യാത്രയാക്കിയത്.
Post a Comment