മംഗളൂരു: മംഗളൂരു ബണ്ട്വാളിൽ കൊല്ലപ്പെട്ട അബ്ദുൽ റഹീം (ഇംതിയാസ്-) കോൽത്തമജലു ജുമാ മസ്ജിദ് സെക്രട്ടറിയാണെന്ന് പൊലീസ്. പിക്കപ്പ് വാഹന ഡ്രൈവറായ അബ്ദുൾ റഹീമിനെ (32) മണൽ ഇറക്കുന്നതിനിടെയാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. സഹായി കലന്ദർ ഷാഫി വെട്ടേറ്റ് ചികിത്സയിലാണ്. ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രധാന പ്രതികൾ നാട്ടുകാരായ ദീപക്, സുമിത് ആചാര്യ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
15 പേരടങ്ങുന്ന സംഘമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികൾ റഹീമിന്റെ പരിചയക്കാരാണെന്നും പൊലീസ് പറഞ്ഞു. അക്രമികൾ അബ്ദുൾ റഹീമിനെ ഡ്രൈവർ സീറ്റിൽ നിന്ന് വലിച്ചിറക്കി വാൾ, കത്തി, ഇരുമ്പ് വടികൾ എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ഷാഫിക്കും വെട്ടേറ്റു. നാട്ടുകാർ ബഹളം വയ്ക്കാൻ തുടങ്ങിയതോടെ അക്രമികൾ ആയുധങ്ങളുമായി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ കലന്ദർ ഷാഫിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികളെക്കുറിച്ച് വിവരം നൽകിയത്.
കൊല്ലപ്പെട്ട അബ്ദുൾ റഹീം, കോൽത്തമജലു ജുമ്മ മസ്ജിദിന്റെ സെക്രട്ടറി എന്ന നിലയിൽ നാട്ടുകാരുമായി നല്ല ബന്ധം പുലർത്തുന്നയാളാണ് റഹീം. സമൂഹത്തിൽ റഹീമിനും ഷാഫിക്കും സൽപ്പേരുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. അക്രമികൾ വർഗീയ വിദ്വേഷം മൂലമോ മറ്റ് ഉദ്ദേശ്യങ്ങൾ മൂലമോ ആയിരിക്കാം കുറ്റകൃത്യം ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
Post a Comment