Join News @ Iritty Whats App Group

‘ഇനി സണ്ണി ഡെയ്‌സ്’; ധീരനായ പോരാളിയെന്ന് കെസി വേണുഗോപാൽ, 100 സീറ്റ് നേടുമെന്ന് വാക്കുനൽകി സതീശൻ


കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ് എംഎൽഎ. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നിൽക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനിൽ നടന്ന സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിശേഷിപ്പിച്ചു. ഇനി സണ്ണി ഡെയ്‌സ് ആണെന്നും കെസി പറഞ്ഞു.

പുതിയ നേതൃത്വത്തോടൊപ്പം പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തർക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി. 100ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്ന് ഉറപ്പ് നൽകുന്നതായും ഇത് വാക്കാണെന്നും സതീശൻ പരിപാടിയിൽ പറഞ്ഞു.

വർക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥും എപി അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വിടവാങ്ങൽ പ്രസംഗം നടത്തിയത്.

കണ്ണൂർ രാഷ്ട്രീയത്തിൽ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതൽ കരുത്തോടെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരൻ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോൺഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group