ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച (ഏപ്രില്‍ 26) റോമില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയോടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നിലുള്ള സ്‌ക്വയറില്‍ ചടങ്ങുകള്‍ നടക്കും. 88 കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ് ഏപ്രില്‍ 21 നാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണമടഞ്ഞത്.
ന്യുമോണിയയുമായി മല്ലിട്ട് അഞ്ച് ആഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങിയതിന് ഒരു മാസത്തിനുള്ളില്‍ അദ്ദേഹം പക്ഷാഘാതവും ഉണ്ടായിരുന്നു. ശനിയാഴ്ചത്തെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം, ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാനിന് പുറത്ത് റോമിലെ ഒരു ബസിലിക്കയായ സെന്റ് മേരി മേജറില്‍ സംസ്‌കരിക്കും. അഞ്ച് നൂറ്റാണ്ടിലേറെയായി അവിടെ സംസ്‌കരിക്കപ്പെടുന്ന ആദ്യത്തെ പോപ്പായിരിക്കും അദ്ദേഹം. ചടങ്ങില്‍ ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പങ്കെടുക്കുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം ഏകദേശം 50 ലധികം രാഷ്ട്രത്തലവന്മാരും 10 ഭരണാധികാരികളും ഉള്‍പ്പെടെ കുറഞ്ഞത് 130 വിദേശ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. പ്രിന്‍സ് വില്യം, ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ്, അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലേ, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഹംഗറി പ്രസിഡന്റ് തമാസ് സുല്‍യോക്ക്, ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുക്കും.
ഭൗതീകശരീരം സംസ്‌കാരത്തിന് ശേഷം, 'നൊവെന്‍ഡിയാലി' എന്നറിയപ്പെടുന്ന ഒമ്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഉണ്ടായിരിക്കും. ഈ കാലയളവില്‍, ലോകത്തിലെ 252 കര്‍ദ്ദിനാള്‍മാര്‍ റോമില്‍ എത്തും. 252 പേരില്‍ 80 വയസ്സിന് താഴെയുള്ള 138 പേര്‍ക്ക് മാത്രമേ കോണ്‍ക്ലേവില്‍ വോട്ടുചെയ്യാന്‍ അര്‍ഹതയുള്ളൂ. രഹസ്യ സെഷനുകളിലാണ് കര്‍ദ്ദിനാള്‍മാര്‍ വോട്ട് ചെയ്യുന്നത്, ഓരോ സെഷനു ശേഷവും ബാലറ്റുകള്‍ പ്രത്യേക സ്റ്റൗവില്‍ കത്തിച്ചുകളയും. കറുത്ത പുക ഒരു പോപ്പിനെയും തിരഞ്ഞെടുത്തിട്ടില്ലെന്ന് സൂചിപ്പിക്കും, അതേസമയം വെളുത്ത പുക കത്തോലിക്കാ സഭയുടെ അടുത്ത തലവനെ കര്‍ദ്ദിനാള്‍മാര്‍ തിരഞ്ഞെടുത്തുവെന്ന് സൂചിപ്പിക്കും.
Post a Comment