മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായി പി.വി. അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അന്‍വർ കുറിച്ചു.
സ്ഥാനാർത്ഥിക്കാര്യത്തിൽ അന്‍വര്‍ കോൺഗ്രസിനെ വട്ടം കറക്കിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന് എപി അനിൽകുമാറുമായുള്ള ചർച്ചയിലും അൻവർ ആവർത്തിക്കുകയായിരുന്നു. ഇതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗ് എംഎൽഎ നീക്കം നടത്തിയതിനെച്ചൊല്ലി മുന്നണിയിൽ വിവാദം ഉയർന്നു.
സ്ഥാനാർത്ഥിക്കാര്യത്തിൽ പിവി അൻവറിന് ഒരു നിർബന്ധ ബുദ്ധിയും ഇല്ല എന്ന കോൺഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എപി അനിൽകുമാർ അൻവറുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു. ജോയിയെ തന്നെ മത്സരിപ്പിക്കണം എന്ന പിടിവാശിയിൽ നിന്നും പിന്മാറാൻ അൻവർ തയ്യാറായില്ല.
കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്കാര്യം പൂർണ്ണമായും അൻവറിന്റെ വരുതിയിൽ ആണെന്നു തെളിയിക്കുന്നതായി എപി അനിൽകുമാറിന്റെ അൻവറുമായുള്ള കൂടിക്കാഴ്ച. അൻവർ ആകട്ടെ ഷൗക്കത്ത് മത്സരിച്ചാൽ തോൽപ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് കോൺഗ്രസ് നേതാക്കൾക്ക് നൽകുന്നത്. കഴിഞ്ഞദിവസം ആര്യാടൻ ഷൗക്കത്ത് അൻവറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അൻവർ വഴങ്ങിയില്ല. ഇതോടെ കോൺഗ്രസിലെ സ്ഥാനാർഥിനിർണയം വഴിമുട്ടുകയായിരുന്നു.
Post a Comment