Join News @ Iritty Whats App Group

കേരള സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്; കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്


കേരള സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിന് പിന്നാലെ തലസ്ഥാനത്ത് കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം. തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്നുള്ള വിജയാഹ്ലാദത്തിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയതിന് പിന്നാലെ പൊലീസ് ലാത്തി വീശി.

പൊലീസ് ലാത്തി ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സര്‍വകലാശാല പരിസരത്ത് നിന്ന് പാളയം റോഡിലേക്കും സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ തലസ്ഥാന നഗരിയില്‍ ഗതാഗത തടസത്തിനും കാരണമായിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ക്യാമ്പസിനുള്ളില്‍ നിന്ന് പുറത്തേക്കും തിരിച്ചും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കല്ലേറുണ്ടായി.

സര്‍വകലാശാലയ്ക്ക് പുറത്ത് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുന്നതിനിടയിലും അകത്ത് വോട്ടെണ്ണല്‍ തുടരുകയാണ്. യൂണിയന്‍ ജനറല്‍ സീറ്റായ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ആമിന ബ്രോഷ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സമാനമായ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

ഏഴ് ജനറല്‍ സീറ്റില്‍ ആറ് സീറ്റില്‍ എസ്എഫ്‌ഐ വിജയിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സീറ്റ് കെഎസ്‌യു സ്വന്തമാക്കി. സെനറ്റിലെ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സീറ്റുകളിലെ വോട്ടെണ്ണുന്നത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. തിരുവനന്തപുരം പാളയത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പാളയത്തെ സര്‍വകലാശാല ആസ്ഥാനത്ത് നിന്നും ആരംഭിച്ച സംഘര്‍ഷം എംഎല്‍എ ഹോസ്റ്റലിന്റെ മുന്നിലേക്ക് വ്യാപിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post
Join Our Whats App Group