Join News @ Iritty Whats App Group

പയ്യാവൂര്‍-കാഞ്ഞിരക്കൊല്ലി റോഡിനോട് അവഗണന: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്



കാഞ്ഞിരക്കൊല്ലി: ജില്ലയിലെ പ്രധാന
ഹിൽ ടൂറിസം കേന്ദ്രമായ
കാഞ്ഞിരക്കൊല്ലിയിലേക്കുള്ള പ്രധാന
റോഡായ പയ്യൂവൂർ-കാഞ്ഞിരക്കൊല്ലി
നവീകരിക്കണമെന്ന് ആവശ്യത്തിന് പത്തു
വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും
ഇതുവരെ നടപടിയില്ല



റോഡ് വീതികൂട്ടി വളവും കയറ്റവും കുറച്ച്‌ മെക്കാഡം ടാറിംഗ് നടത്തിയാല്‍ ടൂറിസം മേഖലയക്കും മുതല്‍ക്കൂട്ടാകുമെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഇതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അധികൃതരുടെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.

വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലേക്കും തീർഥാടനകേന്ദ്രമായ കുന്നത്തൂർപാടിയിലേക്കും പോകുന്ന പയ്യാവൂരില്‍ നിന്നുള്ള പ്രധാന റോഡാണിത്. വർഷങ്ങളായി ഒരു നവീകരണവും നടത്താത്ത റോഡില്‍ വാഹനാപകടങ്ങള്‍ പതിവാണ്.

ജില്ലയിലെ പ്രധാന ഹില്‍ ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ ആമിനത്തോട് വരെയാണ് 20 വർഷം മുന്പ് റോഡ് വികസിപ്പിച്ചത്. പയ്യാവൂർ മുതല്‍ കുന്നത്തൂർ വരെയുള്ള ഭാഗത്ത് പലപ്പോഴായി കുഴിയടക്കല്‍ ചടങ്ങ് നടക്കാറുണ്ടെങ്കിലും പാടാംകവല മുതല്‍ കാഞ്ഞിരക്കൊല്ലി വരെ ഒരുപണിയും നടന്നിട്ടില്ല.

വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാൻപോലും മിക്കയിടത്തും സൗകര്യമില്ല. റോഡരികില്‍ നടപ്പാതയും ഇല്ല. കെഎസ്‌ആർടിസി ഉള്‍പ്പെടെ അഞ്ചു ബസുകള്‍ ഇതുവഴി സർവീസ് നടത്തുന്നുണ്ടെങ്കിലും വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം നടപ്പായില്ല. കെ.സി. ജോസഫ് മന്ത്രിയായ കാലത്ത് 10 മീറ്റർ വീതിയില്‍ റോഡ് വികസിപ്പിക്കാനായി എസ്റ്റിമേറ്റ് നല്‍കിയെങ്കിലും തുടർനടപടിയുണ്ടായില്ല.

ജനകീയ കമ്മിറ്റി റോഡരികില്‍ സ്ഥലമുള്ളവരില്‍നിന്ന് സമ്മതപത്രമടക്കം വാങ്ങി നല്‍കിയിരുന്നു. അടുത്തകാലത്ത് പയ്യാവൂർ പഞ്ചായത്തിനെ ജോണ്‍ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തില്‍ സാഗി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി റോഡ് വികസിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്‍റ് സാജു സേവ്യറിന്‍റെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല.

കുന്നത്തൂർപാടി ഉത്സവ സീസണില്‍ ഇടുങ്ങിയ റോഡില്‍ ഗതാഗതതടസം നിത്യസംഭവമാണ്. കുന്നത്തൂരില്‍ എത്തുന്ന വാഹനങ്ങള്‍ ഈ റോഡിന് ഇരുവശവും പാർക്ക് ചെയ്താല്‍ മറ്റ് വാഹനങ്ങള്‍ക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്.

മെക്കാഡം ടാറിംഗ് അനിവാര്യം
റോഡ് വികസിപ്പിച്ച്‌ മെക്കാഡം ടാറിംഗ് നടത്തേണ്ടത് നാടിന്‍റെ യാത്രാ സൗകര്യത്തിന് അനിവാര്യമാണ്. വർഷങ്ങളായി ബന്ധപ്പെട്ടവർ റോഡ് വികസനകാര്യത്തില്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ജനപ്രതിനിധികളോടടക്കം നിരവധി തവണ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടാകുന്നില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാലാകാലം ജനങ്ങളെ പറഞ്ഞു പറ്റിക്കാമെന്ന് ആരും കരുതരുത്.

Post a Comment

Previous Post Next Post
Join Our Whats App Group