Join News @ Iritty Whats App Group

‘ബന്ദികളെ വിട്ടുനല്‍കുക, ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക; യുദ്ധം അവസാനിപ്പിക്കുക’; വിടപറയും മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് അഭ്യര്‍ത്ഥിച്ചു; അവസാന നിമിഷവും അശരണര്‍ക്കൊപ്പം


ലോകത്തോട് വിടപറയും മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ബന്ദികളെ വിട്ടയയ്ക്കണമെന്നും സമാധാനം സാധ്യമാണെന്ന നാം ഓരോരുത്തരുടെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അദേഹം ലോകത്തോട് അവസാനം പറഞ്ഞത്. ഈസ്റ്റര്‍ദിന സന്ദേശമായിട്ടായിരുന്നു അദേഹത്തിന്റെ ഈ പ്രതികരണം.

ഇസ്രയേലിലും പലസ്തീനിലുമുള്ള ക്രൈസ്തവര്‍ക്കു പുറമേ, അവിടങ്ങളിലുള്ള മുഴുവന്‍ ജനതയുടെയും കഷ്ടതകളോടു ഞാന്‍ ചേര്‍ന്നു നില്‍ക്കുന്നു. ലോകത്ത് കരുത്താര്‍ജിക്കുന്ന ജൂതവിരുദ്ധത ആശങ്കപ്പെടുത്തുന്നതാണ്. അതേസമയം, ഗാസയിലെ ജനങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് അവിടത്തെ ക്രൈസ്തവരെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നു.

പോരടിക്കുന്ന വിഭാഗങ്ങളോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. ബന്ദികളെ വിട്ടുനല്‍കുക, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, സമാധാനം ആഗ്രഹിക്കുന്ന പട്ടിണിക്കാരുടെ രക്ഷയ്‌ക്കെത്തുക എന്നാണ് സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞത്.

യുദ്ധം തകര്‍ത്തെറിഞ്ഞ യെമന്‍, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങളെയും ലബനോന്‍, സിറിയ എന്നിവിടങ്ങളിലെ ക്രൈസ്തവ സമൂഹങ്ങളെയും പ്രാര്‍ഥനകളില്‍ ഓര്‍ക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. കൂടാതെ അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സമാധാന ഉടന്പടി എത്രയും വേഗം ഒപ്പുവച്ചു നടപ്പാക്കാന്‍ കഴിയട്ടെയെന്നും അതിനായി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഈസ്റ്റര്‍ ദിനത്തിലെ ഊര്‍ബി എത് ഓര്‍ബി – നഗരത്തിനും ലോകത്തിനുമായുള്ള – ആശീര്‍വാദ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. വിശ്രമത്തിലായതിനാല്‍ കഴിഞ്ഞ ദിവസം മാര്‍പാപ്പ ആശീര്‍വാദം മാത്രമാണ് നല്‍കിയത്. ആര്‍ച്ച്ബിഷപ് ദിയേഗോ റാ വെല്ലിയാണ് ഈ സന്ദേശം വായിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group