കണ്ണൂർ: തളിപ്പറമ്ബിൽ വഖ്ഫ്
ഭൂമിയുമായി ബന്ധപ്പെട്ട
അവകാശത്തർക്കം വീണ്ടും വിവാദത്തിൽ.
തളിപ്പറമ്ബ് ജമാഅത്ത് പള്ളിക്ക് കീഴിലുള്ള
600 ഏക്കറോളം ഭൂമി തങ്ങളുടേതാണെന്ന
അവകാശവാദവുമായി നരിക്കോട് ഈറ്റിശ്ശേരി
ഇല്ലം രംഗത്ത്.
തളിപ്പറമ്ബ് നഗരത്തിലെ നിരവധി സ്ഥലങ്ങള്‍ ഒരുകാലത്ത് നരിക്കോട് ഇല്ലത്തിന്റെതായിരുന്നു. നഗരത്തിലെ പലരുടെയും ആധാരങ്ങളില്‍ ഉള്‍പ്പെടെ നരിക്കോട് ഇല്ലത്തിന്റെ പേര് പരാമർശിക്കുന്നുണ്ട്. തങ്ങളുടെ മുൻതലമുറ ഇല്ലത്തിന്റെ ഭൂമി പാട്ടം നല്‍കിയതല്ലാതെ വഖ്ഫ് ബോർഡിന് ഭൂമി നല്‍കിയെന്നത് കേട്ട് കേള്‍വി പോലും ഇല്ലാത്ത കാര്യമാണ്. വഖ്ഫ് അവകാശവാദം ഉന്നയിക്കുന്ന 600 ഏക്കർ മറുപാട്ടം നല്‍കിയതായി ഒരു രേഖയുമില്ലെന്നും ഇവർ പറയുന്നു.
അതേസമയം, തളിപ്പറമ്ബ് സർ സയ്യിദ് കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ കണ്ണൂർ ഡിസ്ട്രിക്‌ട് മുസ് ലിം എജ്യുക്കേഷനല്‍ അസോസിയേഷൻ (സി.ഡി.എം.ഇ.എ) കോടതിയില്‍ നല്‍കിയ ഹരജിയില്‍ 25 ഏക്കർ ഭൂമി വഖ്ഫ് ഭൂമിയല്ലെന്നും നരിക്കോട് ഇല്ലത്തിന്റെതാണെന്നും പറഞ്ഞത് വിവാദമാവുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.
വഖ്ഫ് ബോർഡിന്റെ അനുമതിയോടെ ഉണ്ടാക്കിയ വാടക കരാർ പ്രകാരം കഴിഞ്ഞ 54 വർഷമായി വാടക നല്‍കിയ 25 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നരിക്കോട് ഈറ്റിശേരി ഇല്ലത്തിനാണെന്ന സി.ഡി.എം.ഇ.എയുടെ നിലപാടിനെതിരേ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സർ സയ്യിദ് കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളായ സി.ഡി.എം.ഇ.എ സ്വീകരിക്കുന്നതെന്നാണ് തളിപ്പറമ്ബ് മഹല്ല് വഖ്ഫ് സ്വത്ത് സംരക്ഷണസമിതി ഭാരവാഹികളുടെ ആരോപണം.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സി.ഡി.എം.ഇ.എ പറയുന്നത്. 1966ല്‍ വഖ്ഫ് ബാർഡിന്റെ അന്നത്തെ സെക്രട്ടറി നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായ അനുമതി പ്രകാരം 1967ല്‍ തളിപ്പറമ്ബ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്കു വേണ്ടി അന്നത്തെ മുതവല്ലി കെ.വി സൈനുദ്ദീൻ ഹാജി നല്‍കിയ ചാർത്താധാരത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി തറവാടക നല്‍കിയാണ് സി.ഡി.എം.ഇ.എയും സർ സയ്യിദ് കോളജും അനുബന്ധ സ്ഥാപനങ്ങളും നടത്തിവരുന്നതെന്നും ഇവർ പറയുന്നു.
സർ സയ്യിദ് കോളജ് നിലനില്‍ക്കുന്ന വസ്തുവിന്റെ നിയമ പ്രകാരമുള്ള ഹോള്‍ഡർ എന്ന നിലയില്‍ കൈവശക്കാരായ സി.ഡി.എം.ഇ.എയുടെ പേരിലുള്ള രേഖകള്‍ മാറ്റുന്നതിന് ചിലർ നടത്തിയ നീക്കങ്ങളാണ് നിലവിലുള്ള കേസിലേക്ക് നയിച്ചത്. തളിപ്പറമ്ബിലെ ആർ.ഡി.ഒ മുമ്ബാകെ നിലവിലുള്ള കേസില്‍ വിധി പറയുന്നത് വരെ വിഷയത്തില്‍ നടപടി ഉണ്ടാകരുതെന്ന ആവശ്യത്തോടെ സി.ഡി.എം.ഇ.എ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്ഥലത്തിന്റെ അവകാശി നരിക്കോട് ഇല്ലമാണെന്ന പരാമർശം കടന്നുകൂടിയത്.
ഇത് വിവാദമായതോടെ കഴിഞ്ഞ കുറെ വർഷങ്ങളായി ഹൈക്കോടതി, വഖ്ഫ് ട്രൈബ്യൂണല്‍ തുടങ്ങി എല്ലാ ബോഡികളിലും മേല്‍വസ്തുവിന്റെ ഉടമസ്ഥാവകാശം തളിപ്പറമ്ബിലെ ജമാഅത്ത് കമ്മിറ്റിക്കാണെന്നും ലീസ് ഹോള്‍ഡർ എന്ന നിലയില്‍ നിയമാനുസൃതം വസ്തു കൈവശംവച്ച് കോളജ് നടത്തുക മാത്രമാണ് സി.ഡി.എം.ഇ.എ ചെയ്തുവരുന്നതെന്നുമുള്ള വാദവുമായി സി.ഡി.എം.ഇ.എ രംഗത്തു വന്നു. സ്ഥലത്തിന്റെ ഉടമസ്ഥർ നരിക്കോട് ഇല്ലമാണെന്ന പരാമർശം അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും തിരുത്തല്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും സി.ഡി.എം.ഇ.എ വ്യക്തമാക്കി. എന്നാല്‍, തളിപ്പറമ്ബ് ജുമാ മസ്ജിദ് കമ്മിറ്റിക്കു കീഴിലുള്ള വഖ്ഫ് ബോർഡിന്റെ 600 ഏക്കർ ഭൂമിയും നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന അവകാശവാദമുയരുകയും കോളജ് മാനേജ്മെന്റ് സമർപ്പിച്ച ഹരജി പുതിയ അവകാശവാദത്തിന് ശക്തിപകരുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് സി.ഡി.എം.ഇ.എ.
Post a Comment