Join News @ Iritty Whats App Group

അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലപാതകക്കേസ്; ഒന്നാം പ്രതി ഉവൈസിൻ്റെ ജാമ്യം തള്ളി, ജിന്നുമ്മയ്ക്കും കൂട്ടാളിക്കും ജാമ്യം

കാസര്‍കോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലപാതക കേസ് പ്രതി മന്ത്രവാദിനി ജിന്നുമ്മയ്ക്കും കൂട്ടാളിക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ഒന്നാം പ്രതി ഉവൈസിന്‍റെ ജാമ്യാപേക്ഷ തള്ളി. 

പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസിലെ രണ്ടാം പ്രതിയാണ് ജിന്നുമ്മ എന്ന ഷമീന. ഇവര്‍ക്കും സഹായിയും മൂന്നാം പ്രതിയുമായ പൂച്ചക്കാട്ടെ അസ്നിഫക്കുമാണ് ജാമ്യം ലഭിച്ചത്. സ്ത്രീ എന്ന പരിഗണന വച്ചാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. അതേസമയം, ഒന്നാം പ്രതിയും ജിന്നുമ്മയുടെ ഭര്‍ത്താവുമായ മാങ്ങാട് കൂളിക്കുന്നിലെ ഉവൈസിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. നാലാം പ്രതി മധൂര്‍ കൊല്യയിലെ ആയിഷയ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഗഫൂർ ഹാജിയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊന്ന് 596 പവന്‍ സ്വര്‍ണ്ണമാണ് ജിന്നുമ്മയും സംഘവും തട്ടിയെടുത്തത്.

2023 ഏപ്രീല്‍ 14 ന് ആണ് അബ്ദുല്‍ ഗഫൂർ ഹാജിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍റെ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. മന്ത്രവാദത്തിന്‍റെ പേരില്‍ തട്ടിയെടുത്ത സ്വര്‍ണ്ണം തിരിച്ച് ചോദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡിവൈഎസ്പി കെജെ ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും.

Post a Comment

Previous Post Next Post
Join Our Whats App Group