Join News @ Iritty Whats App Group

കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന് ഇടപാടുകളില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു; വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് കെ രാധാകൃഷ്ണന്‍


കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന് ഇടപാടുകളില്ലെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യപ്പെട്ടതായി കെ രാധാകൃഷ്ണന്‍ എംപി. കരുവന്നൂര്‍ കേസില്‍ പലരും നല്‍കിയ മൊഴികളില്‍ വ്യക്തത വരുത്താനാണ് ഇഡി തന്നെ വിളിപ്പിച്ചതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായ എംപി മടങ്ങി.

കൊച്ചിയിലെ ഇഡി ഓഫീസിലാണ് കെ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയില്‍ ഇഡി ഓഫീസിനുമുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ രാധാകൃഷ്ണന്‍. ചോദ്യംചെയ്യലിനായി വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

കരുവന്നൂര്‍ കേസില്‍ താന്‍ പ്രതിയാണ് എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ അതൊന്നുമല്ലല്ലോ സത്യം. ഈ പ്രശ്നം നടന്ന കാലയളവില്‍ രണ്ടുമാസത്തോളം താന്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. അതുകൊണ്ടാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇഡി തന്നെ വിളിപ്പിച്ചത്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട് – എംപി പറഞ്ഞു.

പാര്‍ട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ല എന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ബോധ്യംവന്നിട്ടുണ്ട്. തന്നെ സംബന്ധിച്ച എല്ലാ വിവരങ്ങളും നേരത്തേ തന്നെ ഇഡിക്ക് കൈമാറിയിരുന്നെന്നും എംപി അറിയിച്ചു. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും പാര്‍ലമെന്റ് സമ്മേളനം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് എന്നിവ ഉന്നയിച്ച് കെ രാധാകൃഷ്ണന്‍ സമയം നീട്ടി ചോദിച്ചിരുന്നു.

ഇതേ തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഹാജരാകാന്‍ ഇഡി സമയം അനുവദിക്കുകയായിരുന്നു. കെ രാധാകൃഷ്ണന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാര്‍ട്ടിയുടെ വരുമാന കണക്ക്, ബാങ്ക് ഭരണവുമായുള്ള ബന്ധം എന്നിവ അറിയാനായിരുന്നു നോട്ടീസ്.

Post a Comment

Previous Post Next Post
Join Our Whats App Group