Join News @ Iritty Whats App Group

അടുത്തടുത്ത വീടുകളിലായി താമസം, ഒരേ കോളേജിൽ പഠനം, പ്രണയം; യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കൊലപ്പെടുത്തി


പാറ്റ്ന: മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ മുകേഷ് സിങാണ് അറസ്റ്റിലായത്. ഏപ്രില്‍ ഏഴിനായിരുന്നു കൊലപാതകം.മകള്‍ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണ് മുകേഷ് സിങിനെ പ്രകോപിപ്പിച്ചത്.സാക്ഷി എന്ന ഇരുപത്തിയഞ്ചുകാരിയാണ് പിതാവിന്‍റെ ക്രൂരതയ്ക്ക് ഇരയായത്. സാക്ഷിയും കാമുകനും ഡല്‍ഹിയിലേക്ക് ഒളിച്ചോടിയതിനെ തുടര്‍ന്നാണ് പ്രതി കൊലപാതകം നടത്തിയത്.

മാര്‍ച്ച് നാലിനാണ് സാക്ഷിയും കാമുകനും ചേര്‍ന്ന് ഡല്‍ഹിയിലേക്ക് ഒളിച്ചോടിയത്. രണ്ടുപേരും അടുത്ത വീടുകളിലായിരുന്നു താമസം. ഇരുവരും പഠിച്ചിരുന്നതും ഒരേ കോളേജിലാണ്. എന്നാല്‍ യുവാവ് മറ്റൊരു ജാതിയില്‍പ്പെട്ടതുകൊണ്ടുതന്നെ സാക്ഷിയുടെ കുടുംബം ഇരുവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ടുപേരും ഡല്‍ഹിയിലേക്ക് പോയത്. പിന്നീട് മുകേഷ് സിങ് സാക്ഷിയെ വിളിച്ച് നിരന്തരം വീട്ടിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മാതാപിതാക്കളെ കാണാന്‍ സാക്ഷി വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം. 

വീട്ടില്‍ മകളെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചപ്പോള്‍ അവള്‍ വീണ്ടും യുവാവിനൊപ്പം പോയി എന്നായിരുന്നു മുകേഷ് സിങ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ഭാര്യ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ താമസസ്ഥലത്തെ ശുചിമുറിയില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടു. ശുചിമുറി പൂട്ടിയിട്ട നിലയിലായിരുന്നു. പൂട്ടുപൊളിച്ച് പരിശോധിച്ചപ്പോള്‍ സാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മകളെ കൊലപ്പെടുത്തിയത് താനാണെന്ന് മുകേഷ് സിങ് തുറന്നു സമ്മതിച്ചു.

സാക്ഷിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ കൊലപ്പെടുത്താനും മുകേഷ് സിങ് പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ അയാള്‍ സ്ഥലത്തില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group