Join News @ Iritty Whats App Group

‘ഇന്ത്യ വിട്ടുപോകണം’; കോഴിക്കോട് താമസിക്കുന്ന പാക് പൗരന്മാർക്ക് രാജ്യം വിടാൻ നോട്ടീസ്

കോഴിക്കോട് താമസിക്കുന്ന പാകിസ്താൻ പൗരൻമാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി പൊലീസ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രനിർദേശത്തെ തുടർന്നാണ് നടപടി. ലോങ്ങ്‌ ടേം വിസയുണ്ടായിരുന്ന നാല് പേർക്കാണ് നോട്ടീസ് നൽകിയത്. കോഴിക്കോട് റൂറൽ പരിധിയിൽ നാല് പേർക്കാണ് നോട്ടീസ് നൽകിയത്.

2007മുതൽ കേരളത്തിൽ സ്ഥിര താമസക്കാരനായ കൊയിലാണ്ടി സ്വദേശി ഹംസയ്ക്കും കൊയിലാണ്ടി എസ് എച് ഒ നോട്ടീസ് നൽകി. 1965ല്‍ പാകിസ്താനിലേക്ക് വ്യാപാര സംബന്ധമായ ആവശ്യങ്ങള്‍ക്ക് പോയിരുന്നു. പിന്നീട് അവിടെ ജോലി ചെയ്തു. ബംഗ്ലാദേശ് വിഭജന സമയത്താണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്. തുടര്‍ന്ന് 2007ല്‍ ലോങ് ടേം വിസയില്‍ ഇന്ത്യയിലെത്തുന്നത്. കേരളത്തിലെത്തിയതിന് പിന്നാലെ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അപേക്ഷ ലഭിച്ചിരുന്നുവെന്ന മറുപടി മാത്രമാണ് ലഭിച്ചത്. മറ്റൊരു നടപടി അപേക്ഷയില്‍ ഉണ്ടായില്ലെന്ന് ഹംസ പറയുന്നു. നോട്ടീസ് നല്‍കിയ മറ്റ് മൂന്ന് പേരുടെ പേര് വിവരങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല.


കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് രേഖകള്‍ സമര്‍പ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. മറ്റ് നടപടി ക്രമങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഇന്ത്യയില്‍ കഴിയുന്ന പാക് പൗരന്മാര്‍ 27നുള്ള ഇന്ത്യ വിടണമെന്നാണ്.

പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്. മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യം വിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group