Join News @ Iritty Whats App Group

പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷ ബാധ; അഞ്ചര വയസുകാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചര വയസുകാരി മരിച്ചു. മലപ്പുറം പെരുവളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിൻ്റെ മകൾ സിയ ഫാരിസിനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രി ഒന്നേമുക്കാലോടെയാണ് മരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

മാർച്ച് 29ന് മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്ന കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെത്തിച്ച് ഐ.ഡി.ആർ.ബി വാക്സിൻ നൽകി. എന്നാൽ പനിയും പേവിഷബാധ ലക്ഷണങ്ങളും കണ്ടതോടെ 23ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അഡ്‌മിറ്റ് ചെയ്തു. 26നാണ് പേവിഷബാധ സ്ഥിരീകരിച്ചതെന്ന് മാതൃ ശിശു സംരക്ഷണ കേന്ദ്രം പീഡിയാട്രിക് എച്ച്.ഒ.ഡി ഡോ. വിജയകുമാർ പറഞ്ഞു. പീഡിയാട്രിക് സെക്കൻഡ് യൂണിറ്റ് ചീഫ് ഡോ. മോഹൻദാസിൻ്റെ നേതൃത്വത്തിലുള്ല സംഘമാണ് കുട്ടിയെ പരിചരിച്ചത്. രാവിലെ എട്ടുമണിയോട് സംസ്‌കാര ചടങ്ങുകൾ നടത്തും.

കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റ ദിവസം മറ്റ് അഞ്ച് പേർക്ക് കൂടി കടിയേറ്റിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ രക്ത സാമ്പിൾ വീണ്ടും പരിശോധിക്കുമെന്നാണ് വിവരം. തലയ്ക്ക് കടിയേറ്റാൽ വാക്സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി ഷുബിൻ പറഞ്ഞു. ഇതാണ് അഞ്ചര വയസുകാരിയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group